സർക്കാരിൻ്റെ വികസന സദസ് തട്ടിക്കൂട്ട് പരിപാടി: വിമർശനവുമായി സണ്ണി ജോസഫ്
ഇരിട്ടി : തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വികസന സദസ് സംഘടിപ്പിക്കാനുള്ള സർക്കാർ നീക്കത്തെ വിമർശിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. തട്ടിക്കൂട്ട് പരിപാടിയാണ് സർക്കാർ നടത്താൻ പോകുന്നത് എന്നാണ് വിമർശനം. കേരളത്തിന് ഒരു പ്രയോജനമുണ്ടാകില്ലെന്ന് പറഞ്ഞ അദ്ദേഹം കോടികണക്കിന് രൂപ ചിലവഴിച്ച നവകേരള സദസിന്റെ അവസ്ഥ എന്താണെന്ന് ചോദിച്ചു.
നവകേരള സദസിന്റെ ഭാഗമായി ഒരു പദ്ധതി പോലും കേരളത്തിൽ നടപ്പിലായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.പിരിവെടുത്തും സർക്കാർ ഖജനാവിൽ നിന്ന് ചിലവഴിച്ചും 2023ൽ മുഖ്യമന്ത്രി ഒരു പരിപാടി സംഘടിപ്പിച്ചിരുന്നല്ലോ. അതിന് എത്ര രൂപ ചിലവാക്കി. ആ യാത്രയുടെ പേര് തന്നെ നിങ്ങളും ഞാനും മുഖ്യമന്ത്രിയുമടക്കം മറന്നു പോയി. ഒരു സിങ്കിൾ പൈസയുടെ പദ്ധതി അതിന്റെ പേരിൽ നടപ്പിലാക്കിയിട്ടുണ്ടോ? ഒരു കടുക് മണിയുടെ നേട്ടം കേരളത്തിന് ഉണ്ടായിട്ടുണ്ടോ? രണ്ടാമത് മുഖ്യമന്ത്രി വീണ്ടുമൊരു ജനസമ്പർക്ക പരിപാടി നടത്തിയിരുന്നല്ലോ.
ഇതൊരു തട്ടിപ്പാണ്. ജനങ്ങളുടെ മുന്നിൽ പരാജയം സമ്മതിക്കലാണ്. ഇതിയാണോ വികസനം. ഒരു പഞ്ചായത്തിന്റെ കാലാവധി തീർന്നു കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ പോവുകയാണ്. ഈ സർക്കാരിന്റെയും അവരുടെ നിയന്ത്രണത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെയും ഭരണ പരാജയം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. അതിനെതിരെയുള്ള വിധിയെഴുത്തിന് ജനങ്ങൾ കാത്തിരിക്കുകയാണ്. അതിനെ എന്തെങ്കിലും പുകമറ കൊണ്ട് തടയാമെന്നത് നടക്കില്ലെന്നുംസണ്ണി ജോസഫ് ഇരിട്ടിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
.jpg)

