വേനൽചൂട് കനക്കുന്നു ; ജാഗ്രത നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂട് ശക്തമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. പകൽ സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ചൂട് കൂടുന്നതിനാൽ കാട്ടുതീ പടരാനുള്ള സാധ്യതയും ഉയർന്നിരിക്കുകയാണ്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേകം ജാഗ്രത പുലർത്തണമെന്നും കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും വനംവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
tRootC1469263">ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതാപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകാമെന്നും അതിനാൽ പൊതുജനങ്ങൾ പകൽ 11 മണി മുതൻ മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും നിർദേശിച്ചു. ദാഹമില്ലെങ്കിലും ഇടവിട്ട് വെള്ളം കുടിക്കണമെന്നും ശുദ്ധജലത്തിന്റെ ഉപയോഗം വർധിപ്പിക്കണമെന്നും അധികൃതർ പറഞ്ഞു. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ തുടങ്ങിയ നിർജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുന്നതും ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതും ഉചിതമാണെന്ന് നിർദേശത്തിൽ പറയുന്നു. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കണമെന്നും പാദരക്ഷകൾ ധരിക്കണമെന്നും നിർദേശം നൽകി.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കാനും ഒആർഎസ് ലായനി, സംഭാരം തുടങ്ങിയ പാനീയങ്ങൾ ഉപയോഗിക്കാനും പ്രോൽസാഹിപ്പിച്ചു. മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തീപിടിത്ത സാധ്യത കൂടുതലായതിനാൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഫയർ ഓഡിറ്റ് നടത്തണമെന്നും അധികൃതർ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളിൽ മതിയായ വായുസഞ്ചാരവും ഉറപ്പാക്കണം. കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റു പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. കിടപ്പുരോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് പകൽ 11 മുതൽ മൂന്നു വരെ നേരിട്ട് ഏൽക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നിർമാണ തൊഴിലാളികൾ, കർഷകർ, വഴിയോരക്കച്ചവടക്കാർ തുടങ്ങിയവർ ജോലി സമയം ക്രമീകരിക്കുകയും ആവശ്യമായ വിശ്രമം ഉറപ്പാക്കുകയും ചെയ്യണം. യാത്ര ചെയ്യുന്നവർ വെള്ളം കൈവശം കരുതണമെന്നും ഇടവേളകളോടെ യാത്ര തുടരണമെന്നും നിർദേശിച്ചു. കൂടാതെ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകുന്നത് ഒഴിവാക്കണമെന്നും കന്നുകാലികൾക്കും പക്ഷികൾക്കും മതിയായ ജലലഭ്യത ഉറപ്പാക്കണമെന്നും അധികൃതർ വ്യക്തമാക്കി. അസ്വസ്ഥത അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
.jpg)


