സുകുമാരൻ നായർക്ക് മറുപടി എന്ന രീതിയിൽ ആരും പ്രതികരിക്കരുത് ; നിർദേശവുമായി മുസ്‌ലിം ലീഗ്
മലപ്പുറം : എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ ആരോപണങ്ങളിൽ കരുതലോടെ നീങ്ങാൻ മുസ്‌ലിം ലീഗ്. പരസ്യ പ്രതികരണങ്ങൾ നടത്തി വിഷയം ചർച്ചയാക്കേണ്ടതില്ലെന്നാണ് ലീഗിന്റെ നിലപാട്. സുകുമാരൻ നായർക്ക് മറുപടി എന്ന രീതിയിൽ ആരും പ്രതികരിക്കരുതെന്ന് താഴെത്തട്ടിൽ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് പ്രഖ്യാപിക്കുന്നതിന് തൊട്ടുപിന്നാലെ ലീഗിന്റെ നിലപാട് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ അറിയിക്കും. ലീഗ് നേതൃയോഗത്തിന് ശേഷമായിരിക്കും നിലപാട് പറയുക. ഹൈക്കമാൻഡ് എന്ത് തീരുമാനം എടുത്താലും ലീഗ് അതിനെ പിന്തുണച്ചേക്കുമെന്നാണ് സൂചന. പ്രഖ്യാപനത്തിന് മുൻപ് കോൺഗ്രസ് നേതൃത്വം മുഖ്യമന്ത്രി ആരെന്നത് ലീഗിനെ അറിയിക്കാറുണ്ട്. ഇത്തവണയും ലീഗ് അത് പ്രതീക്ഷിക്കുന്നുണ്ട്. വി ഡി സതീശനെ പിന്തുണച്ച നിലപാട് മാറ്റേണ്ടതില്ലെന്നായിരുന്നു ഇന്നലെ ലീഗ് നേതൃയോഗത്തിൽ അഭിപ്രായം ഉയർന്നത്.
ബുധനാഴ്ച മാധ്യമങ്ങളെ കാണവെയായിരുന്നു ലീഗിനെതിരെ സുകുമാരൻ നായർ രംഗത്തെത്തിയത്. കോൺഗ്രസിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തടസ്സം മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ നിലപാടെന്നായിരുന്നു സുകുമാരൻ നായർ പറഞ്ഞത്. മുഖ്യമന്ത്രി ആരാകണം എന്നത് കോൺഗ്രസിലെ ആഭ്യന്തര പ്രശ്നമാണ്. എന്നാൽ ലീഗ് അടക്കമുള്ള ഘടകകക്ഷികൾ അതിൽ ആവശ്യമില്ലാതെ ഇടപെട്ടു. ലീഗ് അടക്കമുള്ളവർക്ക് ഇതിൽ എന്താണ് കാര്യം?. ഇന്ന ആൾ വേണമെന്നും വേണ്ടെന്നും പറയാൻ ഘടകക്ഷികൾക്ക് എന്ത് അധികാരമാണുള്ളതെന്നും സുകുമാരൻ നായർ ചോദിച്ചിരുന്നു.
.jpg)

