ഗണേഷ് കുമാര്‍ എന്‍എസ്എസില്‍ നിന്നും പുറത്തുപോകാന്‍ തയ്യാറാകണം : NSS കൊട്ടാരക്കര താലൂക്ക് യൂണിയന്‍

ganesh kumar

 കൊല്ലം: മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ എന്‍എസ്എസ്. എന്‍എസ്എസില്‍ നിന്നും പുറത്തുപോകാന്‍ കെ ബി ഗണേഷ് കുമാര്‍ തയ്യാറാകണമെന്നും സംസ്‌കാര ശൂന്യമായ കുടുംബ പശ്ചാത്തലത്തിന് ഉടമയാണ് കെ ബി ഗണേഷ് കുമാര്‍ എന്നും കൊട്ടാരക്കര താലൂക്ക് യൂണിയന്‍ പ്രമേയം പാസാക്കി.

ഗണേഷ് കുമാര്‍ എന്‍എസ്എസിന്റെ തലപ്പത്തിരുന്ന് മറ്റൊരു മതത്തില്‍ വിശ്വസിച്ചു. സനാതന ധര്‍മ്മത്തെ അവഗണിച്ചു. ഗണേഷ് കുമാര്‍ എന്‍എസ്എസില്‍ നിന്നും പോയത് ദൈവീകമാണ്. സംഘടനയെ നശിപ്പിക്കാമെന്ന കെ ബി ഗണേഷ് കുമാറിന്റെ ധാരണ വിണ്ഡികളുടെ സ്വര്‍ഗത്തിലിരുന്നാണ് എന്നും എന്‍എഎസ്എസ് കൊട്ടാരക്കര താലൂക്ക് യൂണിയന്‍ വിമര്‍ശിച്ചു.

എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയനും ഗണേഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്‍എസ്എസിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയില്‍ ഗണേഷ് കുമാര്‍ പങ്കെടുത്തെന്നും സ്വന്തം പ്രവര്‍ത്തികളുടെ ഫലമായാണ് അദ്ദേഹം പൊതുമണ്ഡലത്തില്‍ നിന്നും തിരസ്‌കരിക്കപ്പെട്ടതെന്നും യോഗം കുറ്റപ്പെടുത്തുകയുണ്ടായി.

മുഴുവന്‍ സമുദായാംഗങ്ങളുടേയും കരുത്താണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി. വിറളിപൂണ്ടാണ് ഗണേഷ് കുമാര്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്നത്. സ്വന്തം പിതാവിനോട് എങ്ങനെയാണ് പെരുമാറിയതെന്ന് ജനങ്ങള്‍ക്ക് അറിയാം. ഇനിയും നിന്ദകള്‍ തുടര്‍ന്നാല്‍ പൊതുനിരത്തിലിറങ്ങി പ്രതിരോധിക്കുമെന്നും പത്തനാപുരം താലൂക്ക് യൂണിയന്‍ വ്യക്തമാക്കിയിരുന്നു. 

ജി സുകുമാരന്‍ നായര്‍ ചതിച്ചെന്ന ആരോപണവുമായി ഗണേഷ് കുമാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പത്തനാപുരം താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടത് പാതിരാത്രിയിലാണെന്നും വൈകീട്ട് അഞ്ച് കഴിഞ്ഞാല്‍ ഏത് ഓഫീസ് ആണ് പ്രവര്‍ത്തിക്കുന്നതെന്നും ഗണേഷ് കുമാര്‍ ചോദിച്ചിരുന്നു. പത്തനാപുരം താലൂക്ക് യൂണിയന്‍ മുന്‍ പ്രസിഡന്റ് ആയിരുന്നു കെ ബി ഗണേഷ് കുമാര്‍.

Tags