‘സുജാത നായന്മാരുടെ വീട്ടിലേ പോകൂ, മുല്ലപ്പൂവും തുളസിപ്പൂവും വെച്ചാണ് പോകുന്നത്’: അധിക്ഷേപവുമായി ജി സുധാകരൻ

Sujatha go to the Nayans house leave with jasmine and tulsi flowers G Sudhakaran with insults

ആലപ്പുഴ∙ സിപിഎം നേതാവ് സി.എസ്.സുജാതയ്ക്കെതിരെ ജാതി അധിക്ഷേപം നടത്തി സിപിഎം മുൻ നേതാവ് ജി.സുധാകരന്‍. നായര്‍ സമുദായത്തില്‍പ്പെട്ടവരുടെ വീട്ടിൽ മാത്രമേ സുജാത പോകൂ എന്നും, നായരെന്ന് അറിയിക്കാന്‍ തുളസിപ്പൂവും മുല്ലപ്പൂവും വയ്ക്കുമെന്നും സുധാകരൻ പറഞ്ഞു. അമ്പലപ്പുഴ മണ്ഡലത്തിൽ നായരുടെ വോട്ടൊന്നും സിപിഎമ്മിനു കിട്ടില്ലെന്ന പരാമര്‍ശവും സുധാകരന്‍ നടത്തി.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി നായരെയും ധീവരനെയും തമ്മില്‍ തെറ്റിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ സുധാകരന്‍ യുഡിഎഫ് പിന്തുണയോടെയാണ് മല്‍സരിക്കുന്നത്.

സഹോദരന്‍ ഭുവനേശ്വരന്‍റെ കൊലപാതകത്തിന് കാരണം എസ്എഫ്ഐ ക്രിമിനലുകളാണെന്നും ജി.സുധാകരന്‍ പറഞ്ഞു. ഭുവനേശ്വരനെ നിര്‍ബന്ധിച്ച് കോളജില്‍ വിട്ടത് സിപിഎമ്മുകാരാണെന്നും സുധാകരന്‍ പറഞ്ഞു.

കൊല്ലാന്‍ സാഹചര്യമുണ്ടാക്കിയതു എസ്എഫ്ഐ ഗുണ്ടകളാണെന്നും സുധാകരന്‍ ആരോപിച്ചു. പന്തളം എന്‍എസ്എസ് കോളജില്‍ ബി.എ.എക്കണോമിക്സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കെ 1977 ഡിസംബര്‍ ഏഴിനാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന ഭുവനേശ്വരന്‍ കൊല്ലപ്പെട്ടത്. കെഎസ്‌യു–ഡിഎസ്‌യു പ്രവർത്തകർ കാലിൽ പിടിച്ച് തല തറയിൽ അടിച്ചു മൃഗീയമായി കൊലപ്പെടുത്തിയെന്നായിരുന്നു സുധാകരൻ നേരത്തേ പറഞ്ഞിരുന്നത്. 

Tags