മഞ്ഞ കാര്‍ഡുള്ളവര്‍ക്ക് പഞ്ചസാരയില്ല; ആറ് ലക്ഷത്തോളം ദരിദ്ര കുടുംബങ്ങള്‍ക്ക് പഞ്ചസാര വിതരണം നിലച്ചു
കൊച്ചി: സംസ്ഥാനത്ത് ആറ് ലക്ഷത്തോളം ദരിദ്ര കുടുംബങ്ങള്‍ക്ക് റേഷന്‍കട വഴി ലഭിച്ചിരുന്ന പഞ്ചസാരയുടെ വിതരണം നിലച്ചു. അന്ത്യോദയ അന്ന യോജന (എഎവൈ) പ്രകാരം റേഷന്‍ വിതരണത്തില്‍ നിന്ന് പഞ്ചസാര താല്‍ക്കാലികമായി പിന്‍വലിച്ചതായാണ് വിവരം. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് കിലോയ്ക്ക് 27 രൂപ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്തുവന്ന പഞ്ചസാര ഇലക്ട്രോണിക് പോയിന്റ്-ഓഫ്-സെയില്‍ (ഇപിഒഎസ്) സംവിധാനത്തില്‍ നിന്ന് മാറ്റി. ഇതോടെ റേഷന്‍കട ഉടമകള്‍ക്ക് സ്‌റ്റോക്ക് ഉണ്ടെങ്കിലും പഞ്ചസാര വിതരണം ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ്.ദരിദ്ര കുടുംബങ്ങള്‍ക്ക് ഇത് വലിയ തിരിച്ചടിയായിരിക്കുകയാണ്.
'2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള പഞ്ചസാര വിതരണത്തിന് സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കാത്തതിനാല്‍ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി സിവില്‍ സപ്ലൈസ് വകുപ്പ് വ്യക്തമാക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനത്തെ ആറ് ലക്ഷത്തോളം എഎവൈ കുടുംബങ്ങളെയാണ് ഇത് ബാധിക്കുന്നത്. ദൈനംദിന ഉപജീവനത്തിനായി സബ്‌സിഡിയുള്ള അവശ്യവസ്തുക്കളെ ആശ്രയിക്കുന്നവരാണ് ഇവര്‍.
സംസ്ഥാനത്ത് 95 ലക്ഷത്തിലധികം സാധുവായ റേഷന്‍ കാര്‍ഡുകളും 13,912 റേഷന്‍ കടകളുമുണ്ട്. അതുകൊണ്ട് തന്നെ സബ്‌സിഡി ഉത്പ്പന്നങ്ങളുടെ വിതരണത്തിലെ താല്‍ക്കാലിക തടസ്സം പോലും കുടുംബങ്ങളെ സാരമായി ബാധിക്കും.റേഷന്‍ വിതരണത്തില്‍ പെട്ടെന്നെടുക്കുന്ന തീരുമാനങ്ങള്‍ ആശയക്കുഴപ്പത്തിന് കാരണമായതായി കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍. ഷിജീര്‍ പറഞ്ഞു. റേഷന്‍ കടകളില്‍ പഞ്ചാസാര വാങ്ങാന്‍ ആളുകള്‍ എത്തുമ്പോള്‍ സിസ്റ്റത്തിലെ നിയന്ത്രണങ്ങള്‍ കാരണം നല്‍കാനാകുന്നില്ല. അദ്ദേഹം പറഞ്ഞു.
.jpg)

