സുചിത്ര പിള്ളയെ കൊലപ്പെടുത്തിയ കേസ് ; പ്രതി പ്രശാന്ത് നമ്പ്യാര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

ബ്യൂട്ടീഷനായിരുന്ന സുചിത്ര പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രശാന്ത് നമ്പ്യാര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2020 മാര്‍ച്ച് 20നായിരുന്നു കേസിനാസ്പദമായ സംഭവം.
കൊല്ലം മുഖത്തല സ്വദേശിനിയായ യുവതിയെ പാലക്കാട് മണലിയിലെ വാടക വീട്ടിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. മകളെ കാണാനില്ലെന്ന് കാണിച്ച് അമ്മ വിജയലക്ഷ്മി ടീച്ചര്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കൊല്ലം പള്ളിമുക്കിലെ അക്കാദമി സെന്ററില്‍ ബ്യൂട്ടീഷന്‍ ട്രെയിനിയായി ജോലി ചെയ്ത് വരികയായിരുന്നു സുചിത്ര. ഇവരുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയായ പ്രശാന്തിലെത്തി നിന്നത്.
സംഗീത അധ്യാപകനായ വടകര സ്വദേശി പ്രശാന്തുമായി സുചിത്ര ഫോണിലൂടെ സ്ഥിരമായി ബന്ധപ്പെട്ടിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. പ്രശാന്തിന്റെ ഭാര്യയുടെ ബന്ധുവായിരുന്നു സുചിത്ര. സുചിത്രയുടെ അക്കൗണ്ടില്‍ നിന്ന് പ്രശാന്തിന്റെ അക്കൗണ്ടിലേക്ക് രണ്ടേ മുക്കാല്‍ ലക്ഷം രൂപയോളം ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തിയതോടെ പൊലീസ് പ്രശാന്തിനെ നിരീക്ഷിക്കാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുചിത്രയെ പ്രശാന്ത് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.