ഗുണനിലവാരമില്ലാത്ത മാർബിൾ: വിലയായ 1,34,200 രൂപയും നഷ്ട പരിഹാരമായി 50,000 രൂപയും നൽകണം: ജില്ലാ ഉപഭോക്തൃ കമ്മീഷൻ

google news
court


മലപ്പുറം :ഗുണനിലവാരമില്ലാത്ത മാർബിൾ നൽകിയതിന് വിലയായ 1,34,200 രൂപയും നഷ്ട പരിഹാരമായി 50,000 രൂപയും നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. പൊന്മള ചക്കരത്തൊടി യൂനുസ് നൽകിയ പരാതിയിലാണ് കമ്മീഷന്റെ വിധി. ഇരുമ്പുഴിയിലെ കടയിൽ നിന്നാണ് പരാതിക്കാരൻ 'മോർച്ചാന' മാർബിൾ വാങ്ങിയത്. വീട്ടിൽ വിരിക്കുന്നതിനായി 1701സ്‌ക്വയർ ഫീറ്റ് മാർബിളാണ് വാങ്ങിയത്. മാർബിൾ വിരിച്ച് പോളിഷ് ചെയ്ത ശേഷമാണ് വിള്ളൽ കണ്ടത്. 

പരാതി പറഞ്ഞതിൽ തകരാറുകൾ തീർത്ത് നൽകാമെന്ന് കടയുടമ ഉറപ്പുനൽകിയെങ്കിലും പിന്നീട് തിരിഞ്ഞു നോക്കിയില്ല. അതേ തുടർന്നാണ് കമ്മീഷനെ സമീപിച്ചത്. അഭിഭാഷകൻ കമ്മീഷണറെ വെച്ച് സ്ഥല പരിശോധന നടത്തിയതിൽ പരാതി ശരിയെന്ന് റിപ്പോർട്ട് ചെയ്തു. മാർബിളിന്റെ വിലയായ 1,34,200 രൂപയും, നഷ്ടപരിഹാരമായി 50,000 രൂപയും, കോടതി ചെലവായി 10,000 രൂപയും ഒരു മാസത്തിനകം പരാതിക്കാരന് നൽകണമെന്നാണ് കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷന്റെ വിധി. വീഴ്ച വന്നാൽ വിധി സംഖ്യക്ക് 12 ശതമാനം പലിശയും നൽകണം.

Tags