'വിദ്യാര്‍ഥികളുടെ ബാഗുകള്‍ പരിശോധിക്കാം'; സുപ്രധാന നിര്‍ദേശവുമായി ബാലാവകാശ കമ്മീഷന്‍

school

വിദ്യാര്‍ഥികളുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമേല്‍ക്കാത്ത രീതിയിലായിരിക്കണം പരിശോധന.

വിദ്യാര്‍ഥികളുടെ അച്ചടക്കം, മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവ സംബന്ധിച്ച് സുപ്രധാന നിര്‍ദേശങ്ങളുമായി ബാലാവകാശ കമ്മീഷന്‍. ലഹരിവസ്തുക്കള്‍ ഉള്‍പ്പെടെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ ബാഗുകളില്‍ ഇല്ലെന്ന് ഉറപ്പാക്കാന്‍ വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ പരിശോധിക്കാമെന്ന് ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍, വിദ്യാര്‍ഥികളുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമേല്‍ക്കാത്ത രീതിയിലായിരിക്കണം പരിശോധന. സ്‌കൂള്‍ സമയത്ത് വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഗുരുതരമായ അച്ചടക്കലംഘനമായി കാണണമെന്നും സ്‌കൂള്‍ സമയം അവസാനിക്കുന്നതുവരെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ സൗകര്യമൊരുക്കണമെന്നും നിര്‍ദേശം നല്‍കി.

അച്ചടക്കവുമായി ബന്ധപ്പെട്ട് കുട്ടികളെ അപമാനിക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ ക്ലാസില്‍ നിന്ന് പുറത്താക്കുകയോ ചെയ്യരുത്. ഹെയര്‍ സ്‌റ്റൈല്‍, യൂണിഫോം എന്നിവ സംബന്ധിച്ച് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് സ്‌കൂള്‍ അധികൃതര്‍ നിര്‍ദേശങ്ങള്‍ നല്‍കണം. സ്‌കൂളുകളില്‍ വൃത്തിയുള്ള ശൗചാലയങ്ങള്‍ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കി. കമ്മീഷന്റെ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് 60 ദിവസത്തിനകം സമര്‍പ്പിക്കണം. സ്‌കൂള്‍ അച്ചടക്കവുമായി ബന്ധപ്പെട്ട് ലഭിച്ച വിവിധ പരാതികള്‍ പരിഗണിച്ചാണ് കമ്മീഷന്‍ ഉത്തരവ്.

Tags