വിദ്യാര്‍ത്ഥികളോട് പാകിസ്താനിലേയ്ക്ക് പോകണമെന്ന പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് സൈനിക സ്‌കൂള്‍ ഉടമ ഡോ. രാജു ഡേവിസ്

raju davis

സ്‌കൂളിലെ ആഘോഷ ചടങ്ങില്‍ പങ്കെടുക്കാത്തവരെ ക്ലാസില്‍ കയറ്റില്ലെന്നും അവധി ദിനം സ്‌കൂളിലെത്താത്തവര്‍ വിശദീകരണം നല്‍കണമെന്നും സ്‌കൂള്‍ ഉടമയായ ഡോ. രാജു ഡേവിസ് അയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നു.

 വിദ്യാര്‍ത്ഥികളോട് പാകിസ്താനിലേയ്ക്ക് പോകണമെന്ന പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് തൃശൂര്‍ മാളയിലെ ഇന്റര്‍നാഷണല്‍ ആന്‍ഡ് സൈനിക സ്‌കൂള്‍ ഉടമ ഡോ. രാജു ഡേവിസ്. പരാമര്‍ശം പിന്‍വലിക്കുന്നെന്നും ഡോ. രാജു ഡേവിസ് വ്യക്തമാക്കി. രക്ഷിതാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലായിരുന്നു സ്‌കൂള്‍ ഉടമ വിവാദ പരാമര്‍ശം പങ്കുവെച്ചത്. സ്‌കൂളിലെ ആഘോഷ ചടങ്ങില്‍ പങ്കെടുക്കാത്തവരെ ക്ലാസില്‍ കയറ്റില്ലെന്നും അവധി ദിനം സ്‌കൂളിലെത്താത്തവര്‍ വിശദീകരണം നല്‍കണമെന്നും സ്‌കൂള്‍ ഉടമയായ ഡോ. രാജു ഡേവിസ് അയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളെ എത്തിക്കാന്‍ പല ഭാഗത്തേക്കും സ്‌കൂള്‍ ബസ് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പകുതി രക്ഷിതാക്കളും കുട്ടികളെ സ്‌കൂളിലേക്ക് അയച്ചിരുന്നില്ല. ഇതിനെതുടര്‍ന്നാണ് സ്‌കൂള്‍ ഉടമ വിവാദ സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചത്. വിവാദ പരാമര്‍ശനത്തിന് പുറമെ ചില കാര്യങ്ങള്‍ കൂടി സന്ദേശത്തില്‍ പറയുന്നുണ്ട്. എല്ലാത്തിനും സ്വാതന്ത്ര്യം വേണം, എന്നാല്‍ സ്വാതന്ത്ര്യദിനത്തിന്റെ സമയത്ത് കുട്ടികളെ വീട്ടില്‍ ഇരുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് കുട്ടികള്‍ ധിക്കാരികളായി മാറുന്നത്. പരിപാടിയ്ക്ക് ആരും വരുന്നില്ലെന്ന് നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ ഒരു ലക്ഷം രൂപ തന്റെ പോക്കറ്റില്‍ തന്നെ ഇരിക്കുമായിരുന്നുവെന്നും സ്‌കൂള്‍ ഉടമ അയച്ച സന്ദേശത്തിലുണ്ട്. പണം നഷ്ടമായതിന്റെയും കുട്ടികള്‍ കുറഞ്ഞു പോയതിന്റെയും ദേഷ്യത്തിലായിരുന്നു സ്‌കൂള്‍ ഉടമയുടെ ശബ്ദ സന്ദേശം. തുടര്‍ന്ന് വിവാദ സന്ദേശത്തില്‍ പ്രതിഷേധവുമായി രക്ഷിതാക്കളും രംഗത്തെത്തി. വിഷയത്തില്‍ പ്രതിഷേധിച്ചുകൊണ്ട് സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ അറിയിച്ചിട്ടുണ്ട്..

സംഭവം വിവാദമായതിന് പിന്നാലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാത്തവര്‍ പാകിസ്താനിലേക്ക് പോകണമെന്ന് പറഞ്ഞില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് രാജു ഡേവിസ് പ്രതികരിച്ചിരുന്നു. സ്വാതന്ത്ര്യ ദിനത്തില്‍ സ്‌കൂളില്‍ വരാത്ത കുട്ടികളോട് ശത്രുരാജ്യത്തേക്ക് പോകാനാണ് പറഞ്ഞതെന്നും അത് ഏതെങ്കിലും മത വിഭാഗത്തെ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നുമായിരുന്നു ഡോ. രാജു ഡേവിസിന്റെ വിശദീകരണം.1947 മുതല്‍ പാകിസ്താന്‍ ഇന്ത്യയുടെ ശത്രുരാജ്യമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ പങ്കെടുക്കാത്തവര്‍ ശത്രു രാജ്യത്തിലേക്ക് പോകുന്നതാണ് നല്ലത് എന്നാണ് സൂചിപ്പിച്ചതെന്നും രാജു ഡേവിസ് വിശദീകരിച്ചിരുന്നു.

Tags