ഹോസ്റ്റലില്‍ ഒപ്പം താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിച്ചത് ചൂണ്ടിക്കാട്ടിയതോടെ മകനെ ഒറ്റപ്പെടുത്തി ; ആദിത്യന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

adithyan

വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മൂലം ആദിത്യന്‍ മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്നതായി കുടുംബം പരാതിയില്‍ പറയുന്നു.

ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നഴ്സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മകന്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്. ആദിത്യന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം പരാതി നല്‍കി. ബെംഗളൂരു ഹെബ്ബഗോഡി പൊലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്.
ഹോസ്റ്റലില്‍ ഒപ്പം താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിച്ചത് ചൂണ്ടിക്കാട്ടിയതോടെ മകനെ ഒറ്റപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മൂലം ആദിത്യന്‍ മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്നതായി കുടുംബം പരാതിയില്‍ പറയുന്നു.

ആദിത്യനൊപ്പമുളള രണ്ട് വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിച്ചിരുന്നു. ഹോസ്റ്റലിലെ വാര്‍ഡന്‍ കൂടിയായ അധ്യാപകന്‍ ഇത് കണ്ടെത്തി. ഇവര്‍ക്ക് ലഹരി സപ്ലൈ ചെയ്യുന്നത് ആരാണ് എന്നതടക്കമുളള കാര്യങ്ങള്‍ കണ്ടെത്തി അറിയിക്കണമെന്ന് വാര്‍ഡന്‍ ആദിത്യനോട് പറഞ്ഞു. ഇല്ലെങ്കില്‍ ആദിത്യനും പങ്കുളളതായി വരുത്തിതീര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതില്‍ ആദിത്യന്‍ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്.

തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ആദിത്യനെ (19) ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
 'കോളേജില്‍ നിന്ന് വിളിച്ചു. അവന്റെ അമ്മയെയാണ് വിളിച്ചത്. സീരിയസ് ആണ് വേഗം വരണം എന്നാണ് പറഞ്ഞത്. അങ്ങനെയാണ് ഞാനിവിടെ വന്നത്. മരിച്ചുവെന്ന് ഇവിടെ വന്നതിന് ശേഷമാണ് അറിയുന്നത്. അവന്‍ ജീവനൊടുക്കാന്‍ ഒരു സാധ്യതയുമില്ല'- ആദിത്യന്റെ പിതാവ് പറഞ്ഞു.

അരുവിക്കര ഇരുമ്പ സ്വദേശിയായ ആദിത്യന്‍ ബെംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്സിങിലെ രണ്ടാംവര്‍ഷം ബിഎസ്സി നഴ്സിങ് വിദ്യാര്‍ത്ഥിയായിരുന്നു.


 

Tags