ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് ചാടി കോളേജ് വിദ്യാര്‍ഥിനി ജീവനൊടുക്കി

suicide

കോളേജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലാണ് സൃഷ്ടി താമസിച്ചിരുന്നത്.

ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് ചാടി കോളേജ് വിദ്യാര്‍ഥിനി ജീവനൊടുക്കി. മഹാരാഷ്ട്ര സത്താറയിലെ യശ്വന്ത്‌റാവു ചൗഹാന്‍ സയന്‍സ് കോളേജിലെ രണ്ടാംവര്‍ഷ ഫുഡ് ടെക്‌നോളജി വിദ്യാര്‍ഥിനി സൃഷ്ടി ഭാനുദാസ്(19) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

കോളേജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലാണ് സൃഷ്ടി താമസിച്ചിരുന്നത്. ബുധനാഴ്ച രാത്രി കുളിമുറിയില്‍ പോവുകയാണെന്ന് പറഞ്ഞാണ് സൃഷ്ടി മുറിയില്‍നിന്ന് പുറത്തുപോയത്. എന്നാല്‍, ഹോസ്റ്റലിന്റെ മൂന്നാംനിലയില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു. സംഭവത്തിന് പിന്നാലെ വിദ്യാര്‍ഥിനിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വിദ്യാര്‍ഥിനിയുടെ മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. അതേസമയം, ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അടുത്തിടെ ഹോസ്റ്റലിലെ കുളിമുറിയില്‍ ചില ചുവരെഴുത്തുകളെച്ചൊല്ലി പരാതി ഉയര്‍ന്നിരുന്നു. കുളിമുറിയുടെ ചുമരുകളില്‍ മോശം വാക്കുകള്‍ എഴുതിവെച്ചതായി കണ്ടതോടെ അധികൃതര്‍ വിഷയത്തില്‍ അന്വേഷണം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില വിദ്യാര്‍ഥിനികളെ ചോദ്യംചെയ്യുകയുമുണ്ടായി. ഈ വിഷയത്തില്‍ ചില വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്താനും ആലോചിച്ചിരുന്നു. ഇതിനിടെയാണ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Tags