അനധികൃത ഡിജിറ്റല്‍ വായ്പകള്‍ കര്‍ശനമായി നേരിടുന്നതിനായി ശക്തവും സമഗ്രവുമായ പുതിയ നിയമനിര്‍മ്മാണം നടത്തണം ; ധനകാര്യമന്ത്രിക്ക് കത്തു നല്‍കി കെ സി വേണുഗോപാല്‍

Renewal of licenses for all bars; AICC General Secretary K.C. Venugopal MP says it is the biggest scam of the election season

 ലോണ്‍ ആപ്പുകള്‍ റിസര്‍വ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള പരിധിയില്‍ കൂടുതല്‍ പലിശ ഈടാക്കുന്നത് തടയുകയും പ്രോസസിംഗ് ഫീസിനും പലിശയ്ക്കും കൃത്യമായ പരിധി നിശ്ചയിക്കുകയും വേണം.

അനധികൃത ഡിജിറ്റല്‍ വായ്പകള്‍ കര്‍ശനമായി നേരിടുന്നതിനായി ശക്തവും സമഗ്രവുമായ പുതിയ നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്ത് നല്‍കി

ഇത്തരം ആപ്പുകള്‍ നടത്തുന്ന പണം തട്ടല്‍, ഡാറ്റ ചോര്‍ത്തല്‍, സൈബര്‍ അധിക്ഷേപം എന്നിവ ഗുരുതരമായ ജാമ്യമില്ലാക്കുറ്റങ്ങളായി പ്രഖ്യാപിക്കണം. ധനകാര്യ, ഐടി, ആഭ്യന്തര മന്ത്രാലയങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് അടിയന്തരമായി ഒരു സംയുക്ത ദൗത്യസംഘം (Joint Task Force) രൂപീകരിച്ച് ഈ ശൃംഖലയെ തകര്‍ക്കാനും ഇവരുടെ നിയമവിരുദ്ധമായ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും നടപടി ഉണ്ടാകണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

 ലോണ്‍ ആപ്പുകള്‍ റിസര്‍വ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള പരിധിയില്‍ കൂടുതല്‍ പലിശ ഈടാക്കുന്നത് തടയുകയും പ്രോസസിംഗ് ഫീസിനും പലിശയ്ക്കും കൃത്യമായ പരിധി നിശ്ചയിക്കുകയും വേണം. ഉപഭോക്താക്കളുടെ കോണ്‍ടാക്റ്റുകള്‍, ഗാലറി എന്നിവയിലേക്ക് ആപ്പുകള്‍ക്ക് അനുമതി നല്‍കുന്നത് കര്‍ശനമായി നിരോധിക്കുകയും വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ ഏജന്റുമാര്‍ നടത്തുന്ന ഭീഷണികളും അശ്ലീല സന്ദേശങ്ങളും തടയാന്‍ കര്‍ശന നിയമം വേണമെന്നും കെ സി വേണുഗോപാല്‍   ആവശ്യപ്പെട്ടു.
ഭീഷണിയുമായി രംഗത്തെത്തുന്ന ഇത്തരം ആപ്പുകള്‍ക്കെതിരെ വേഗത്തില്‍ നടപടിയെടുക്കാന്‍ പ്രത്യേക ഹെല്‍പ്പ്ലൈനോ പോര്‍ട്ടലോ കാര്യക്ഷമമാക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ കെ സി വേണുഗോപാല്‍ ബന്ധുക്കളെയോ ഉത്തരവാദിത്തപ്പെട്ടവരെയോ നോമിനിയായി ഉള്‍പ്പെടുത്തണമെന്ന മാനദണ്ഡം ഉറപ്പാക്കുന്നതിലൂടെ ലോണ്‍ ആപ്പുകളുടെ ഇടപാടുകളെ കുറിച്ച് ഉറ്റവര്‍ക്ക് അറിയാന്‍ സാധിക്കും എന്നും അദ്ദേഹം പറഞ്ഞു.

ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയില്‍ ലോണ്‍ ആപ്പുകള്‍ ലിസ്റ്റ് ചെയ്യുന്നതിന് മുന്‍പ് അവയ്ക്ക് ആര്‍.ബി.ഐ അംഗീകാരമുണ്ടെന്ന് ഉറപ്പുവരുത്താന്‍ ടെക് കമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണം. 

നിയമപരമായ അനുമതിയുള്ള ലോണ്‍ ആപ്പുകളുടെ ഒരു പട്ടിക പൊതുജനങ്ങള്‍ക്ക് പരിശോധിക്കാനായി ഒരു ഔദ്യോഗിക വെബ്‌സൈറ്റോ ആപ്പോ സജ്ജമാക്കണം. സോഷ്യല്‍ മീഡിയ വഴിയുള്ള ലോണ്‍ ആപ്പുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നിയന്ത്രിക്കുകയും സെലിബ്രിറ്റികള്‍ ഇത്തരം ആപ്പുകളെ പ്രൊമോട്ട് ചെയ്യുന്നത് തടയുകയും ചെയ്യണമെന്നും ധനമന്ത്രിക്ക് നല്‍കിയ കത്തില്‍ കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു. ജനങ്ങളെ ഈ കൊള്ളക്കാരില്‍ നിന്നും രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ശക്തമായ നിയമനിര്‍മ്മാണവും അടിയന്തര നടപടികളും ഉണ്ടാകാന്‍  പാര്‍ലമെന്റിലും പുറത്തും ശക്തമായ പോരാട്ടവും ഇടപെടലും നടത്തുമെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

ജാതീയമായ അധിക്ഷേപത്തെ തുടര്‍ന്ന് കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബി.ഡി.എസ്. വിദ്യാര്‍ത്ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട ഭീഷണി ഉണ്ടായിരുന്ന വിവരം പുറത്ത് വന്ന സാഹചര്യത്തിലാണ് ഇവയെ നിയന്ത്രിക്കേണ്ട പ്രാധാന്യം കെസി വേണുഗോപാല്‍ ചൂണ്ടിക്കാണിച്ചത്.
കൂടാതെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ ലോണ്‍ ആപ്പുകളുടെ ഭീഷണി പോലും നിരവധി പേര്‍ ദുരിതമനുഭവിക്കുന്നുണ്ട്.

പത്തനംതിട്ട സ്വദേശിയായ യുവാവ്  മുംബൈയില്‍ ആത്മഹത്യ ചെയ്തതും പാലക്കാട് കഞ്ചിക്കോട് സ്വദേശി ജീവനൊടുക്കിയതിലുംകാരണം ഇതേ ആപ്പുകളുടെ ഭീഷണിയെതുടര്‍ന്ന് എന്നാണ് ഇവരുടെ കുടുംബം പറയുന്നത്. ഭീഷണി മൂലം നാട്ടില്‍ നിന്ന് മാറി നിന്ന വടകര സ്വദേശി വിഷ്ണുവിനെ കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. 

കേരളത്തിലും രാജ്യത്തുടനീളമുള്ള നിരവധി കുടുംബങ്ങളെ തകര്‍ക്കുകയും നിരപരാധികളുടെ ജീവനെടുക്കുകയും ചെയ്യുന്ന വളരെ ഗുരുതരമായ പ്രതിസന്ധിയാണ് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത ഡിജിറ്റല്‍ ലോണ്‍ ആപ്പുകള്‍.  സാധാരണക്കാരായ ജനങ്ങളെ വലിയ കടക്കെണിയിലേക്കും മാനസിക പീഡനങ്ങളിലേക്കുമാണ് ഇവ തള്ളിവിടുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Tags