കാലിക്കറ്റ് സർവകലാശാല ഹോസ്റ്റലുകളിൽ കർശനനിയന്ത്രണം ; രാത്രി 9.30-ന് ശേഷം രജിസ്റ്റർ നിർബന്ധം

calicut university

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ കാമ്പസ് പരിസരങ്ങളിൽ ലഹരിമാഫിയയുടെ സാന്നിധ്യം സംബന്ധിച്ച പരാതികൾ ഉയർന്ന സാഹചര്യത്തിൽ ഹോസ്റ്റലുകളിലും കാമ്പസിലും പ്രവേശനത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വ്യാഴാഴ്ച ചേർന്ന ഹോസ്റ്റൽ മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിച്ചു.

tRootC1469263">

രാത്രി 9.30-ന് ശേഷം ഹോസ്റ്റലിൽനിന്ന് പുറത്തുപോകുന്നവരും ഹോസ്റ്റലിലേക്ക് തിരിച്ചെത്തുന്നവരും മൂവ്‌മെന്റ് രജിസ്റ്ററിൽ പേര് രേഖപ്പെടുത്തി കാരണം വ്യക്തമാക്കണം. ലാബ് പ്രവർത്തനങ്ങൾക്കായി രാത്രി തുടരേണ്ടിവരുന്ന വിദ്യാർഥികൾക്ക് വകുപ്പ് മേധാവിയുടെ അനുമതി ഉണ്ടായിരിക്കണം. രാത്രികാലങ്ങളിൽ ഹോസ്റ്റലിൽനിന്ന് പുറത്തിറങ്ങുന്നവർ തിരിച്ചറിയൽ കാർഡ് സൂക്ഷിക്കണം തുടങ്ങിയവയാണ് തീരുമാനങ്ങൾ.

കാമ്പസിലേക്ക് പ്രധാന പ്രവേശനകവാടം ഒഴികെയുള്ള എല്ലാ റോഡുകളും രാത്രി ഏഴിനുള്ളിൽ അടയ്ക്കാനും യോഗം തീരുമാനിച്ചു.

ലൈബ്രറിയോട് അനുബന്ധിച്ചുള്ള ലേണിങ് സ്‌പേസിലെ പ്രവേശനത്തിന് ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തും. വൈസ് ചാൻസലറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ദീൻ, ഡോ. പി.പി. പ്രദ്യുമ്‌നൻ, ഡോ. പി. റഷീദ് അഹമ്മദ്, ടി.ജെ. മാർട്ടിൻ, കൂടാതെ അധ്യാപക-വിദ്യാർഥി പ്രതിനിധികളും ഹോസ്റ്റൽ വാർഡൻമാരും പങ്കെടുത്തു.

തീരുമാനത്തെത്തുടർന്ന് ലേഡീസ് ഹോസ്റ്റൽ പരിസരത്ത് വ്യാഴാഴ്ച വൈകീട്ട് എസ്.എഫ്.ഐ. വിദ്യാർഥികൾ സമരം ചെയ്തിരുന്നു. ഹോസ്റ്റൽ പ്രവേശനത്തിനും പുറത്തും പോകുന്നതിനുമുള്ള സമയങ്ങളിൽ വി.സി. ഏകപക്ഷീയമായി ഇടപെടുന്നുവെന്ന് ആരോപിച്ചായിരുന്നു സമരം.

കാമ്പസിലും പരിസരപ്രദേശങ്ങളിലും ലഹരിമാഫിയയുടെ സാന്നിധ്യം പൂർണമായും ഇല്ലാതാക്കുന്നതിനായി കർശനവും ഉത്തരവാദിത്വപരവുമായ നടപടികൾ സ്വീകരിക്കുമെന്ന് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ അറിയിച്ചു. ഇതിനെതിരേ കാമ്പസിലെ ചില വിദ്യാർഥി സംഘടനകൾ നടത്തുന്ന സമരങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
 

Tags