മൈനർ ഡ്രൈവിംഗിനെതിരെ കർശന നടപടി; ആവശ്യമെങ്കിൽ വീട്ടിലെ വാഹനം വിൽക്കണമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

Strict action against minor driving; Transport Minister CP John says sell family vehicle if necessary

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിക്കുന്ന സംഭവങ്ങളിൽ രക്ഷിതാക്കൾക്കെതിരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ കർശന നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകുന്ന രക്ഷിതാക്കളാണ് ഇത്തരം ലംഘനങ്ങൾക്ക് പൂർണ്ണ ഉത്തരവാദികൾ. കുട്ടികളെ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ വീട്ടിലെ വാഹനം വിറ്റഴിക്കുകയാണ് രക്ഷിതാക്കൾ ചെയ്യേണ്ടതെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

16-ഉം 17-ഉം വയസ്സുള്ള കുട്ടികളെ ഉപദേശിച്ചിട്ട് കാര്യമില്ലെന്നും രക്ഷിതാക്കൾ അവർക്ക് വാഹനം നൽകാതിരിക്കുകയാണ് പോംവഴിയെന്നും അദ്ദേഹം വ്യക്തമാക്കി. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ച സംഭവങ്ങളിൽ ഉന്നതരുടെ പേരിൽ പോലും കേസെടുത്തിട്ടുണ്ടെന്നും നിയമലംഘകർക്ക് യാതൊരു ദാക്ഷിണ്യവും ലഭിക്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. കാലഹരണപ്പെട്ട സമയക്രമമാണ് സ്വകാര്യ ബസുകളുടെ ഈ മത്സരയോട്ടത്തിന് പ്രധാന കാരണം. പതിറ്റാണ്ടുകൾ പഴക്കമുള്ള സമയക്രമത്തിലാണ് സ്വകാര്യ ബസുകൾ ഇപ്പോഴും സർവീസ് നടത്തുന്നത്. കൊച്ചി പോലുള്ള നഗരങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് മൂലം നിശ്ചിത സമയത്ത് ഓടിയെത്താൻ സാധിക്കാതെ വരുമ്പോൾ ബസുകൾക്ക് നടപടി നേരിടേണ്ടി വരുന്നുണ്ട്. ഇതാണ് മത്സരയോട്ടത്തിന് ബസുകളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമെന്നും സമയക്രമം പരിഷ്കരിക്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags