തെരുവുനായ് ആക്രമണം : നിയമഭേദഗതി വേണമെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ആക്രമണവും പേവിഷബാധയും മൂലമുള്ള മരണം അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ 1960ലെ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത നിയമം, എ.ബി.സി (ഡോഗ്സ് 2001) ചട്ടങ്ങൾ എന്നിവയിൽ ഫലപ്രദമായ ഭേദഗതികൾ കൊണ്ടുവരാനാവശ്യമായ ശിപാർശകൾ സംസ്ഥാനം കേന്ദ്ര സർക്കാറിന് നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ നിർദേശം.
സംസ്ഥാന സർക്കാറിനുവേണ്ടി തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്കാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവ് നൽകിയത്. വാക്സിനേഷൻ കൊണ്ടുമാത്രം തെരുവുനായ്ക്കളുടെ ശല്യം കുറക്കാനാവില്ല. ഭേദഗതി വരുത്താൻ കേന്ദ്ര സർക്കാറിനു മാത്രമേ അധികാരമുള്ളൂ.ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തെ സമീപിക്കാൻ കമീഷൻ നിർദേശം നൽകിയത്.