അറുപതിലധികം തെരുവുനായകളെ വീട്ടിൽ പാർപ്പിച്ചു, ദുർഗന്ധം സഹിക്കാനാവാതെ പ്രതിഷേധിച്ച് നാട്ടുകാർ


എറണാകുളം: കുന്നത്തുനാട് വെമ്പിളിയില്‍ ജനവാസമേഖലയില്‍ അറുപതിലധികം തെരുവുനായകളെ വാടകവീട്ടില്‍ പാര്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ . ജനവാസമേഖലയില്‍ ഇത്രയധികം നായകളെ പാര്‍പ്പിക്കുന്നതുമൂലമുള്ള ദുര്‍ഗന്ധം സഹിക്കാന്‍ പറ്റില്ലെന്ന നിലപാടിലാണ് പ്രദേശവാസികള്‍. വാടകവീടിന് എഗ്രിമെന്റ് എഴുതുമ്പോള്‍ ഇത്രയധികം നായകളെ പാര്‍പ്പിക്കുന്ന വിവരം മറച്ചുവെച്ചു എന്ന് വീട്ടുടമസ്ഥന്‍ പറയുന്നു. എന്നാല്‍, നായകളെ പാര്‍പ്പിക്കുന്ന വിവരം ഉടമസ്ഥനെ അറിയിച്ചിരുന്നുവെന്ന് വാടകക്കാരിയും പറയുന്നു.
ദുര്‍ഗന്ധം സഹിക്കാന്‍ കഴിയാതെ നാട്ടുകാര്‍ വീടിന്റെ മതില്‍ പൊളിച്ചു. എം.എല്‍.എ. ഉള്‍പ്പെടെയുള്ള ആളുകള്‍ വന്നിട്ടും വീട്ടിലേക്ക് കടക്കാന്‍ സമ്മതിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മതില്‍ പൊളിച്ചത്.
പ്രദേശവാസികളുടെ സാധാരണജീവിതത്തെ ബാധിച്ചുകൊണ്ട് തെരുവുനായകളെ വളര്‍ത്തിയതില്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടി. പശുഫാമിന് സ്റ്റോപ് മെമ്മോ കൊടുത്ത പഞ്ചായത്തിലാണ് ഇത്രയധികം തെരുവുനായകളെ യാതൊരു കരുതലുമില്ലാതെ വീടിനകത്ത് വളര്‍ത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
രൂക്ഷമായ ഗന്ധം മാത്രമല്ല, മതില്‍ വളരെയധികം പൊക്കത്തില്‍ കെട്ടി ഉയര്‍ത്തിയിട്ടും നായകള്‍ മതില്‍ ചാടി വന്നിട്ടുണ്ടെന്നും കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്ന വഴിയാണെന്നും നാട്ടുകാര്‍ പറയുന്നു. പ്രദേശവാസികള്‍ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാതെ വീട്ടുമുറ്റത്തുനിന്നും പിരിഞ്ഞുപോവില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.

നിയമം പാലിക്കാതെയാണ് നായകളെ വളര്‍ത്തുന്നത്. തെരുവുനായകളെ സംരക്ഷിക്കുന്നതിന് തങ്ങള്‍ എതിരല്ല. പക്ഷേ, ജനവാസമേഖലയില്‍നിന്നും ഇവയെ മാറ്റണമെന്നാണ് ആവശ്യമെന്നും പ്രദേശവാസികള്‍ പറഞ്ഞു. വീടിന്റെ മുകള്‍ ഭാഗത്ത് ഇരുപത്തിയഞ്ചിലധികം പൂച്ചകളെയും പാര്‍പ്പിച്ചിരിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. ഭക്ഷണം കഴിക്കുമ്പോഴും കാറ്റടിക്കുമ്പോഴും ദുര്‍ഗന്ധം പരക്കുന്നത് സഹിച്ചിരിക്കാന്‍ കഴിയില്ല. ജില്ലാ ഭരണകൂടം ഇടപെട്ടിട്ടും നാട്ടുകാര്‍ പിരിഞ്ഞുപോകാത്തതിനാല്‍ സ്ഥലത്ത് പോലീസിനെ വിന്യസിച്ചിരിക്കുകയാണ്.