കോഴിക്കോട് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവം: വിദ്യാർഥിനിയുടെ മൂന്ന് പല്ലുകൾ നീക്കം ചെയ്തു
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ പരിക്കേറ്റ വിദ്യാർഥിനിയുടെ ശസ്ത്രക്രിയ പൂർത്തിയായി. പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണന്റെ മൂന്ന് പല്ലുകളാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. വിദ്യാർഥിനി സുഖം പ്രാപിച്ചു വരുന്നു. കുറച്ചുനാളത്തേക്ക് ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമേ കഴിക്കാൻ പാടുള്ളൂ എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.
ആലുവയിൽ നിന്ന് വടകരയിലേക്ക് യാത്ര ചെയ്യവെ തിങ്കളാഴ്ച രാത്രി ഒൻപതരയോടെ കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറിൽ ഐശ്വര്യയുടെ ആറ് പല്ലുകൾക്ക് ഇളക്കം തട്ടിയിരുന്നു. ഇതിൽ രണ്ടെണ്ണം സംഭവദിവസം തന്നെ കൊഴിഞ്ഞുപോയിരുന്നു. സംഭവത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും (RPF) റെയിൽവേ പൊലീസും സംയുക്തമായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ആർപിഎഫ്, റെയിൽവേ പോലീസ്, ലോക്കൽ പൊലീസ് എന്നിവരടങ്ങുന്ന 15 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കോഴിക്കോട് - പാലക്കാട് സെക്ഷനിൽ ഇത്തരം അക്രമങ്ങൾ വർധിച്ചു വരുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി.
.jpg)


