ട്രെയിനിന് നേരേ കല്ലേറ്, പ്രതിക്കായി അന്വേഷണം ഊര്‍ജിതം ;വിദ്യാര്‍ഥിനിയുടെ മൂന്നുപല്ലുകള്‍ നീക്കംചെയ്തു

train

ഒരുമാസം ദ്രവാവസ്ഥയിലുള്ള ഭക്ഷണംമാത്രമേ കഴിക്കാൻസാധിക്കൂ. 

കോഴിക്കോട് : തിങ്കളാഴ്ച രാത്രി ഒൻപതരയോടെ കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിനുനേരേയുണ്ടായ കല്ലേറില്‍ വിദ്യാർഥിനിക്ക് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണം ഊർജിതം. 

ഗുരുതരപരിക്കേറ്റ പുറമേരി എരഞ്ഞോളി താഴെകുനി ഐശ്വര്യ രാമകൃഷ്ണന്റെ ശസ്ത്രക്രിയ പൂർത്തിയായി. ഇളകിയ മൂന്നുപല്ലുകള്‍ നീക്കംചെയ്തു. രണ്ടുപല്ലുകള്‍ കല്ലേറിനെത്തുടർന്ന് സംഭവദിവസം ഇളകിപ്പോയിരുന്നു.  സി.സി.ടി.വി. ക്യാമറകള്‍, മൊബൈല്‍ ഫോണ്‍ ടവറുകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സ്, റെയില്‍വേ പോലീസ് എന്നീ വിഭാഗങ്ങള്‍ അന്വേഷണം തുടരുകയാണ്.

ഒരുമാസം ദ്രവാവസ്ഥയിലുള്ള ഭക്ഷണംമാത്രമേ കഴിക്കാൻസാധിക്കൂ. ആർ.പി.എഫ്., റെയില്‍വേ പോലീസ്, ലോക്കല്‍ പോലീസ് എന്നിവയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തിനാണ് അന്വേഷണച്ചുമതല. തീവണ്ടിയാത്രക്കാരെ അപകടപ്പെടുത്തുന്നവിധത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏർപ്പെട്ടാല്‍ ശക്തമായ വകുപ്പുകള്‍ ചേർത്ത് കേസെടുക്കാൻ ബുധനാഴ്ച ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചു.

ഇതുപ്രകാരം റെയില്‍ ആക്ടിലെ 152-ാം വകുപ്പുപ്രകാരം കേസെടുക്കും. ഇത്തരത്തിലുള്ള കേസില്‍ ജാമ്യം ലഭിക്കില്ല. മാത്രമല്ല, 10 വർഷം വരെ തടവോ തടവും പിഴയും കൂടിയോ അതല്ലെങ്കില്‍ ജീവപര്യന്തംവരെ തടവോ ലഭിക്കാവുന്ന കുറ്റമാണിത്. കോഴിക്കോടിനും പാലക്കാടിനുമിടയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവർത്തിക്കുകയാണെന്നും കഴിഞ്ഞവർഷംമാത്രം 39 കേസുകളുണ്ടായിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ടോള്‍ഫ്രീ ഹെല്‍പ് ലൈൻ നമ്പറായ '139'-ല്‍ അറിയിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

Tags