ആലപ്പുഴയിൽ കടയിൽ നിന്ന് വാങ്ങിയ കോലുമിഠായിൽ സ്റ്റീൽ ബോൾ

Steel ball found in a lollipop bought from a shop in Alappuzha

 ആലപ്പുഴ: കടയിൽ നിന്ന് വാങ്ങിയ കോലുമിഠായിൽ യന്ത്രങ്ങളിൽ ഉപയോഗിക്കുന്ന സ്റ്റീൽ ബോൾ കണ്ടെത്തിയതിനെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണം ആരംഭിച്ചു. വലിയകലവൂർ പന്നിശ്ശേരി സ്വദേശി തന്റെ നാല് വയസ്സുകാരനായ മകനായി വാങ്ങിയ മിഠായിയിലാണ് ഗുരുതരമായ സുരക്ഷാ വീഴ്ച കണ്ടെത്തിയത്. വലിയകലവൂരിന് സമീപത്തെ കടയിൽ നിന്നാണ് കുട്ടിക്ക് മിഠായി വാങ്ങി നൽകിയത്. കഴിക്കുന്നതിനിടെ അസ്വാഭാവികത തോന്നിയ കുട്ടി രക്ഷിതാക്കളെ വിവരമറിയിച്ചതോടെയാണ് മിഠായിക്കുള്ളിലെ സ്റ്റീൽ ബോൾ കണ്ടത്..

സംഭവത്തെത്തുടർന്ന് രക്ഷിതാക്കൾ ഉടൻ തന്നെ ശിശുക്ഷേമ സമിതിയുടെ ടോൾഫ്രീ നമ്പറിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ വീട്ടിലെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ മിഠായിയുടെ സാമ്പിളുകൾ ശേഖരിക്കുകയും തുടർന്ന് വാങ്ങി നൽകിയ കടയിലെത്തി കമ്പനിയുടെ മറ്റ് ഉത്പന്നങ്ങളും വിതരണക്കാരുടെ വിശദാംശങ്ങളും പരിശോധിക്കുകയും ചെയ്തു.

മധ്യപ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘മില്ലൻ’ എന്ന കമ്പനിയുടെ കോലുമിഠായിലാണ് ഈ ഇരുമ്പ് ബോൾ കണ്ടെത്തിയത്. വിപണിയിൽ വിതരണം ചെയ്തിട്ടുള്ള ഈ കമ്പനിയുടെ മറ്റ് മിഠായികളിലും സമാനമായ വസ്തുക്കൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് നാട്ടുകാരും രക്ഷിതാക്കളും. വിഷയത്തിൽ നിർമ്മാതാക്കൾക്കും വിതരണക്കാർക്കുമെതിരെ ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്ന് കുട്ടിയുടെ കുടുംബം വ്യക്തമാക്കി.

Tags