പ്രളയ പ്രതിരോധത്തിന് കേരള ഫ്ളഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

State government to implement Kerala Flood Resilience Initiative for flood prevention

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങളും, മഴക്കെടുതിയും പ്രളയവും ശാസ്ത്രീയമായി പ്രതിരോധിക്കാന്‍ കേരള ഫ്ളഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഐഐടികളിലെ വിദഗ്ധര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തിനു മാതൃകയാകുന്ന വിധത്തില്‍ അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് പ്രളയ പ്രതിരോധ സംവിധാനം തയ്യാറാക്കുന്നത്. പദ്ധതിയുടെ സമഗ്ര രൂപരേഖ ഐഐടി റൂര്‍ക്കി, ഐഐടി പാലക്കാട്, ഐഐഐടി കോട്ടയം എന്നിവിടങ്ങളിലെ വിദഗ്ധര്‍ അടങ്ങിയ സംഘം മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു.

സംസ്ഥാനത്തുണ്ടാകുന്ന തീവ്രമഴ, നഗരങ്ങളിലെ വെള്ളക്കെട്ട്, നദീതീര പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങി വിവിധ പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ ശാസ്ത്രീയ മുന്നൊരുക്കങ്ങളാണ് വിദഗ്ധ സംഘം നിര്‍ദ്ദേശിച്ചത്. എഐ, മെഷീന്‍ ലേണിങ്, റിമോട്ട് സെന്‍സിങ്, ഹൈഡ്രോഡൈനാമിക് മോഡലിങഗ്, കൃത്യതയാര്‍ന്ന മഴ പ്രവചന സംവിധാനം എന്നിവ പ്രയോജനപ്പെടുത്തി പ്രളയ സാധ്യതയുള്ള പ്രദേശങ്ങള്‍ നേരത്തെ കണ്ടെത്താനും കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കാനും പദ്ധതി വഴി സാധിക്കും. പുഴകള്‍, തടാകങ്ങള്‍, കായലുകള്‍ എന്നിവയിലെ എക്കലും മണ്ണും നീക്കം ചെയ്യുന്ന നടപടികള്‍ പ്രകൃതിയെയും ജലത്തിന്റെ ഒഴുക്കിനെയും എങ്ങനെ ബാധിക്കുമെന്നത് ശാസ്ത്രീയമായി പഠിച്ചശേഷമേ നടപ്പാക്കാവൂ എന്നും ഐഐടി സംഘം ചൂണ്ടിക്കാട്ടി.

പദ്ധതിയുടെ പ്രായോഗികതയും സാമ്പത്തിക ബാധ്യതകളും, നടപ്പാക്കല്‍ രീതികളും സംബന്ധിച്ച് വിശദമായി പരിശോധിക്കാന്‍ ജലവിഭവ വകുപ്പിനും ദുരന്തനിവാരണ വകുപ്പിനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇരു വകുപ്പുകളും സംയുക്തമായി വിഷയം പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. ഇതിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കുക. റവന്യൂ മന്ത്രി എപി അനില്‍ കുമാര്‍, പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്, കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ്, ജലവിഭവ മന്ത്രി മോന്‍സ് ജോസഫ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ തുടങ്ങിയവര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുത്തു.

Tags