യുവതയെ ലഹരിയിൽ നിന്നും അകറ്റി നിർത്താൻ പ്രതിജ്ഞാബദ്ധരാകണം : സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

N Seshadrinathan

സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് യുവജനങ്ങൾക്കിടയിലെ ലഹരി പദാർത്ഥങ്ങളുടെ വ്യാപനം.രാജ്യത്തിൻറെ ഭാവി വാഗ്ദാനമായ യുവതയെ ലഹരിയിൽ നിന്നും അകറ്റി നിർത്തുന്നതിന് ഓരോരുത്തരും നമ്മളാൽ കഴിയുന്ന സംഭാവന നൽകി പ്രതിജ്ഞാബദ്ധരാകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ശേഷാദ്രിനാഥൻ. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ ജീവനക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുരംഗത്തെ അഴിമതി വിമുക്തമാക്കി സംരക്ഷിക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും സ്വാതന്ത്ര്യവും സാഹോദര്യവും നേടിയെടുക്കുന്നതിനേക്കാൾ  ശ്രമകരമാണ് അത് സുസ്ഥിരമായി നിലനിർത്തുന്നതെന്നും കമ്മീഷണർ പറഞ്ഞു.

അടിമത്തത്തിൽ നിന്നുള്ള മോചനം മാത്രമല്ല സ്വാതന്ത്ര്യം.സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സംഗമം കൂടിയായ രാഷ്ട്രസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നത് എല്ലാവരും കടമയായി കാണണമെന്ന് അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പ് കമ്മീഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ കമ്മീഷണർ എൻ ശേഷാദ്രിനാഥൻ പതാകയുയർത്തി. സെക്രട്ടറി ഇ പി സജീവ്,മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags