സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തൽ പോലീസ് പൊളിച്ചുനീക്കിയെങ്കിലും സമരത്തിൽ നിന്ന് പിന്നോട്ടില്ല ; നിലപാടിൽ ഉറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികൾ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തൽ പോലീസ് പൊളിച്ചുനീക്കിയെങ്കിലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിൽ എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികൾ. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് (നവംബർ 12) കൂടുതൽ ശക്തമായ സമരപരിപാടികൾക്ക് സെക്രട്ടറിയേറ്റ് പരിസരം വേദിയാകും. ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയ എസ്. വളർമതിക്ക് പകരം കാസർഗോഡ് സ്വദേശി എം. ജയകൃഷ്ണൻ നിരാഹാരസമരം ഏറ്റെടുത്തു.
ഇന്നലെ (നവംബർ 11) രാത്രിയോടെ പോലീസ് സമരപ്പന്തൽ പൊളിച്ചുനീക്കിയതിനെ തുടർന്ന് പ്രതിപക്ഷ യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഡിവൈഎഫ്ഐ പ്രവർത്തകർ ഉദ്യോഗാർത്ഥികൾക്കായി ഉടൻതന്നെ താൽക്കാലിക പന്തൽ നിർമ്മിച്ചു നൽകി. ആദ്യഘട്ടത്തിൽ പോലീസ് ഇത് തടയാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിന്മാറി. ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവമോർച്ചയും സമരവേദിയിലെത്തുകയും റിലേ നിരാഹാരം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എസ്. സുജാത ഉൾപ്പെടെയുള്ള നേതാക്കളും സമരപ്പന്തൽ സന്ദർശിച്ചു.
ജനാധിപത്യ സമരങ്ങളോടുള്ള സർക്കാരിന്റെ അസഹിഷ്ണുതയാണ് പോലീസ് നടപടിയിലൂടെ വ്യക്തമാകുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. അതേസമയം, സെക്രട്ടറിയേറ്റിന് മുന്നിൽ പന്തൽ കെട്ടി സമരം ചെയ്യരുതെന്ന നിയമവശം ചൂണ്ടിക്കാട്ടി രണ്ടുതവണ നോട്ടീസ് നൽകിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം.
.jpg)

