എസ്.എസ്.എൽ.സി ഫലം ഇന്നു വൈകീട്ട് മൂന്നിന്

തിരുവനന്തപുരം : എസ്.എസ്.എൽ.സി പരീക്ഷഫലം ഇന്ന് പ്രസിദ്ധീകരിക്കും. സെക്രട്ടേറിയറ്റിലെ പി.ആർ ചേംബറിൽ വൈകീട്ട് മൂന്നിന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നിർവഹിക്കും. ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപയേർഡ്), എസ്.എസ്.എൽ.സി (ഹിയറിങ് ഇംപയേർഡ്), എ.എച്ച്.എസ്.എൽ.സി പരീക്ഷ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.
പരീക്ഷഫലത്തിന് വ്യാഴാഴ്ച പരീക്ഷ കമീഷണർ കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന പരീക്ഷ പാസ് ബോർഡ് യോഗം അംഗീകാരം നൽകി. പ്രഖ്യാപനത്തിനു ശേഷം വൈകീട്ട് നാലു മുതൽ ഫലം ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ PRD LIVE മൊബൈൽ ആപിലും വെബ്സൈറ്റുകളിലും ലഭിക്കും. 2960 സെന്ററുകളിലായി 4,19,128 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. കഴിഞ്ഞ വർഷം 99.26 ശതമാനമായിരുന്നു എസ്.എസ്.എൽ.സി വിജയം.