2027-ലെ എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് ഒന്നിന് ആരംഭിക്കും; ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് രണ്ട് മുതൽ
തിരുവനന്തപുരം: 2027-ലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പൊതുപരീക്ഷാ തീയതികൾ വിദ്യാഭ്യാസ മന്ത്രി എം. ഷംസുദ്ദീൻ പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിച്ച് മാർച്ച് 30-ന് അവസാനിക്കും. ഹയർ സെക്കൻഡറി (പ്ലസ് വൺ, പ്ലസ് ടു), വി.എച്ച്.എസ്.ഇ പരീക്ഷകൾ മാർച്ച് രണ്ട് മുതൽ 30 വരെയാണ് നടക്കുക. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ് മന്ത്രി തീയതികൾ അറിയിച്ചത്.
എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെ നടക്കും. ഇത്തവണ 4,25,000 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. ഏപ്രിൽ അഞ്ചിന് മൂല്യനിർണ്ണയം ആരംഭിച്ച് മെയ് ആദ്യവാരം തന്നെ എസ്.എസ്.എൽ.സി ഫലം പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഹയർ സെക്കൻഡറി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കും. എസ്.എസ്.എൽ.സിയിൽ ഒരു പരീക്ഷ ഒഴികെയുള്ളവയും ഹയർ സെക്കൻഡറിയിൽ രണ്ട് പരീക്ഷകൾ ഒഴികെയുള്ളവയും രാവിലെയാണ് നടക്കുക.
മറ്റ് ക്ലാസുകളിലെ സ്കൂൾ വാർഷിക പരീക്ഷകൾ ഫെബ്രുവരി 26-ന് ആരംഭിക്കും. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇല്ലാത്ത ദിവസങ്ങളിലായിരിക്കും വാർഷിക പരീക്ഷകൾ ക്രമീകരിക്കുക. അതേസമയം, ഈ അധ്യയന വർഷത്തെ സ്കൂൾ ക്രിസ്മസ് പരീക്ഷകൾ ഡിസംബർ എട്ട് മുതൽ 17 വരെ നടക്കും. എൽ.പി ക്ലാസുകൾക്ക് ഡിസംബർ 11 മുതൽ 17 വരെയാണ് പരീക്ഷ. ഡിസംബർ 18-ന് സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ച ശേഷം അവധിക്കായി അടയ്ക്കും. 10 ദിവസത്തെ അവധിക്ക് ശേഷം ഡിസംബർ 28-ന് സ്കൂളുകൾ വീണ്ടും തുറന്നു പ്രവർത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
.jpg)

