ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്തു; ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസ്സുകാരിയുടെ അമ്മ ശ്രീതു അറസ്റ്റിൽ

Sreethu mother of twoyearold girl killed in Balaramapuram arrested in financial fraud case
Sreethu mother of twoyearold girl killed in Balaramapuram arrested in financial fraud case

തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസ്സുകാരിയുടെ അമ്മ ശ്രീതു സാമ്പത്തികതട്ടിപ്പ് കേസിൽ അറസ്റ്റിൽ. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിനാണ് ശ്രീതു അറസ്റ്റിലായത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പത്ത് പരാതികളാണ് ശ്രീതുവിന് എതിരെ ലഭിച്ചത്.

ദേവസ്വം ബോർഡിൽ താന്‍ സെക്ഷൻ ഓഫീസറാണ് എന്നും  ദേവസ്വംബോർഡിൽ ഡ്രൈവറായി നിയമനം നൽകാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. ദേവസ്വം ബോർഡ് സെക്ഷൻ ഓഫീസർ എന്ന പേരിൽ ഷിജു എന്നയാൾക്ക് നിയമന ഉത്തരവ് കൈമാറി 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.

മറ്റു പരാതികൾ പരിശോധിച്ച് വരികയാണെന്ന് എസ് പി സുദർശൻ പറഞ്ഞു. നിലവിൽ ഒരു കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശ്രീതുവിന് കുട്ടിയുടെ കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് പറയാറായിട്ടില്ല എന്നും പൊലീസ് പറഞ്ഞു. ശ്രീതുവിനെ ഇന്ന് രാവിലെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാത്രിയും ശ്രീതുവിനെ ചോദ്യം ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മൂന്ന് പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

അതേ സമയം രണ്ടു വയസ്സുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. ഇതടക്കം പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രീതുവിനോട് ചോദിച്ചറിയുന്നുണ്ട്. നിലവിൽ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ മാത്രമാണ് കൊലപാതകത്തില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. റിമാൻഡിൽ കഴിയുന്ന ഹരികുമാറിനെ നാളെ കസ്റ്റഡിയിൽ വാങ്ങും.

കഴിഞ്ഞ മാസം 27നായിരുന്നു ബാലരാമപുരത്ത് അരുംകൊല നടന്നത്. ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

Tags