സംശയം ആവര്‍ത്തിച്ച് ശ്രീനന്ദയുടെ ബന്ധുക്കള്‍; മൃതദേഹം വീട്ടിലെത്തിച്ചു ​​​​​​​

Sreenanda's relatives reiterate suspicion; body brought home

പാലക്കാട് : കർണാടകയിലെ ചിക്മം​ഗളൂരുവിൽ കൊക്കയിൽ വീണ് മരിച്ച ശ്രീനന്ദയുടെ മൃതദേഹം വീട്ടിലെത്തിച്ചു. കർണാടക പോലീസിന്റെ അകമ്പടിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. അതേസമയം ശ്രീനന്ദയുടെ മരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. ശരീരത്തിൽ സംശയകരമായ മുറിവുകളൊന്നും ഇല്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വസ്ത്രം കീറിയത് മരത്തിൽ കൊളുത്തി വലിച്ചതാകാമെന്നാണ് പ്രാഥമിക നി​ഗമനം. കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിന് എത്തി കാണാതായ ശ്രീനന്ദയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് കണ്ടെത്തിയത്. കുട്ടിയെ കാണാതായ മാണിക്യധാര വെള്ളച്ചാട്ടത്തിന് 1500 അടി താഴെ നിന്നാണ് മൃതദേഹം ലഭിച്ചത്. എല്ലാ കാത്തിരിപ്പുകളും അവസാനിപ്പിച്ച് ഇന്നുച്ചയ്ക്ക് 12 മണിയോടെയാണ് തെർമൽ ഡ്രോണിന്റെ മോണിറ്ററിൽ ശ്രീനന്ദയുടെ മൃതദേഹം പതിഞ്ഞത്.

 അതേസമയം ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവര്‍ത്തിച്ച് ആവശ്യപ്പെട്ട്  ബന്ധുക്കള്‍ രംഗത്തെത്തി. ആദ്യം തിരച്ചില്‍ നടത്തിയ സ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെത്തിയില്ല. മൂന്ന് ദിവസം അതേ സ്ഥലത്ത് തന്നെയാണ് തിരച്ചില്‍ നടത്തിയത്. പിന്നെങ്ങനെയാണ് നാലാം ദിവസം അതേ സ്ഥലത്ത് മൃതദേഹം കണ്ടെത്തിയതെന്നാണ് ബന്ധുക്കളുടെ ചോദ്യം. അബദ്ധത്തിൽ ശ്രീനന്ദ ഇവിടേക്ക് വീഴാൻ ഒരു സാധ്യതയും ഇല്ലെന്നും കുടുംബം പറയുന്നു. ആരെങ്കിലും അപായപ്പെടുത്തി ഈ പ്രദേശത്ത് കൊണ്ടുവന്നിട്ടതാകാമെന്നും കുടുംബം ആരോപിച്ചിരുന്നു.

Tags