ശ്രീകാര്യം കൊലപാതകം: അഭിരാമിനെ കാണാതായത് ഇന്നലെ ; പൊലീസ് ഇടപെടാന്‍ വൈകിയെന്ന ആരോപണവുമായി ബന്ധുക്കള്‍
പ്രതികളുമായി തെളിവെടുപ്പിന് പോയ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞു.
ശ്രീകാര്യത്ത് 17കാരനെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശ്രീകാര്യം പാങ്ങപ്പാറ സ്വദേശി അഭിരാമാണ് കൊല്ലപ്പെട്ടത്. ഇന്നലെ മുതല്‍ അഭിരാമിനെ കാണാതായിരുന്നു. സംഭവത്തില്‍ പൊലീസിന് വീഴ്ചയെന്ന് അഭിരാമിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. പൊലീസ് ഇടപെടാന്‍ വൈകിയെന്നാണ് ആക്ഷേപം. പ്രതികളുമായി തെളിവെടുപ്പിന് പോയ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞു. മൃതദേഹം കണ്ടെത്തിയ സ്ഥലത്താണ് പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്.
കേസില്‍ നിലവില്‍ 2 പ്രതികളാണുള്ളത്. കേസില്‍ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. പതിനേഴുകാരനും ഉമര്‍ എന്നയാളുമാണ് പ്രതികള്‍. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കുന്നു. നേരിട്ട് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് ഇവരുടെ മൊഴി. പെണ്‍കുട്ടിയുടെ പങ്ക് അന്വേഷിക്കുകയാണ്. നിലവില്‍ പെണ്‍കുട്ടിയും കസ്റ്റഡിയിലാണുള്ളത്. പെണ്‍കുട്ടിയുമായുള്ള ബന്ധത്തിന്റെ പേരില്‍ നടന്ന കൊലപാതകമാണെന്നും പൊലീസ് വ്യക്തമാക്കുന്നു. ഉമര്‍ ഗുണ്ടാ ലിസ്റ്റില്‍ ഉള്ളയാളാണ്. അതുപോലെ തന്നെ പ്രതിയായ ആണ്‍കുട്ടി നേരത്തെ മോഷണ കേസില്‍ ഉള്‍പ്പെട്ടിരുന്ന ആളാണ്.
എന്താണ് സംഭവിച്ചതെന്നറിയില്ലെന്നും കൃത്യമായ വിവരം പൊലീസ് നല്‍കുന്നില്ലെന്നും മരിച്ച അഭിരാമിന്റെ ബന്ധു ശ്രീജിത്ത് പറഞ്ഞു. പ്രതിയെ ഇന്നലെ പിടികൂടിയെങ്കിലും വിട്ടയച്ചു. തുടര്‍ന്ന് രാവിലെ വിളിച്ചു വരുത്തുകയായിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് പരാതിയില്ല. തെളിവുകള്‍ ലഭിച്ചത് കൊണ്ടല്ലേ ഇന്നലെ പോലീസ് പ്രതിയെ പിടികൂടിയത്? തുടര്‍ന്ന് ചോദ്യം ചെയ്തിരുന്നെങ്കില്‍ അഭിരാമിനെ ചിലപ്പോള്‍ രക്ഷിക്കാമായിരുന്നു. ഉമറിനെ അറിയില്ല, കുട്ടിക്ക് പരിചയം ഉണ്ടോ എന്ന് അറിയില്ലെന്നും ബന്ധു പറഞ്ഞു.
.jpg)

