സ്പൈസ് ജെറ്റ് വിമാനം വൈകുന്നു ; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

SpiceJet flight delayed; passengers protest at Cochin International Airport

 നെടുമ്പാ​ശ്ശേരി: സ്പൈസ് ജെറ്റ് വിമാനം വൈകുന്നതിനെതിരെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. വെള്ളിയാഴ്ച പുലർച്ചെ 12.20 ന് ദുബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന യാത്രക്കാരാണ് വിമാനത്താവളത്തിൽ തന്നെ തങ്ങുന്നത്. ഇന്ന് രാവിലെ 11.30 ന് വിമാനം പുറപ്പെടുമെന്ന് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചിട്ടുണ്ട്.

യാത്രക്കാരു​ടെ പ്രതിഷേധം പലപ്പോഴും സംഘർഷാവസ്ഥയിലേക്ക് നയിക്കുന്ന സാഹചര്യത്തിൽ, വിമാനം പുറപ്പെടുമെന്ന് ഉറപ്പാകുമ്പോൾ മാത്രമേ യാത്രക്കാരെ ടെർമിനലിനകത്തേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. ഇതൂമൂലം യാത്രക്കാർ ടെർമിനലിന് പുറത്ത് കഴിയേണ്ടി വരികയാണ്. നെടുമ്പാശ്ശേരിയിലെ സ്പൈസ് ജെറ്റ് കൗണ്ടറിൽ പലപ്പോഴും ജീവനക്കാരില്ലാത്തതും പ്രശ്നമാകുന്നുണ്ട്.

അതേസമയം, വിമാന സർവിസുകൾ വ്യാപകമായി വൈകുന്നത് ചൂണ്ടിക്കാട്ടി സ്പൈസ് ജെറ്റിന് കൊച്ചിൻ ഇന്‍റർ നാഷനൽ എ‍യർപോർട്ട് കടുത്ത താക്കീത് നൽകിയിരുന്നു. സർവിസുകളിൽ കൃത്യതയും സമയവും പാലിച്ചില്ലെങ്കിൽ സ്പൈസ് ജെറ്റിന്റെ ലാൻഡിങ്, ടേക്ക് ഓഫ് സ്ലോട്ടുകൾ റദ്ദാക്കുമെന്നാണ് സിയാൽ നൽകിയ നോട്ടീസിൽ പറയുന്നത്.

ആഗസ്റ്റ് ഒന്ന് മുതൽ സ്പൈസ് ജെറ്റ് സർവിസുകൾ വ്യാപകമായി വൈകുന്നത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കിയിരുന്നു. ഇതിന് പുറമെ വിമാനത്താവളത്തിലെ വിവിധ സേവനങ്ങൾ ഉപയോഗിച്ച വകയിൽ കോടികളുടെ കുടിശ്ശികയും കമ്പനി സിയാലിന് നൽകാനുണ്ട്. സമയം പാലിച്ചില്ലെങ്കിൽ ഇനി വിട്ടുവീഴ്ചയുണ്ടാകില്ലെന്ന കർശന മുന്നറിയിപ്പാണ് ഇപ്പോൾ സ്പൈസ് ജെറ്റിന് സിയാലിന്റെ ഭാഗത്തുനിന്നും ലഭിച്ചിരിക്കുന്നത്.

ആഗസ്റ്റ് മുതൽ ഗൾഫ് സെക്ടറുകളിലേക്ക് സർവിസ് നടത്തുന്ന നിരവധി സ്പൈസ് ജെറ്റ് വിമാനങ്ങൾ സാ​ങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി മണിക്കൂറുകൾ വൈകിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ദുബൈ ഉൾപ്പെടെ യു.എ.ഇയിലേക്കുള്ള വിമാനങ്ങളാണ് പലപ്പോഴും വൈകുന്നത്. യാ​ത്രക്കാർ വിമാനത്താവളത്തിൽ എത്തിയശേഷമാകും, ഇതു സംബന്ധിച്ച അറിയിപ്പ് ലഭിക്കുക. യാത്രക്കാർക്ക് ആവശ്യമായ വിശ്രമസൗകര്യങ്ങൾ പോലും അധികൃതർ ഒരുക്കി നൽകിയില്ലെന്നും പരാതിയുണ്ട്.

Tags