കണ്ണൂരില്‍ കാണാതായ പ്ലസ് ടു വിദ്യാര്‍ഥിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം
വീടുവിട്ടത് ഉച്ചയ്ക്ക് ഒരു മണിക്കാണ്. ഇതിന് അടുത്തുള്ള സമയങ്ങളിലെ ദൃശ്യമാണ് പോലീസ് പരിശോധിച്ചത്. പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇതിനുശേഷമുള്ള മണിക്കൂറുകളിലെ ദൃശ്യങ്ങളും പരിശോധിച്ചു തുടങ്ങി.
കണ്ണൂര്‍ പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥി ശിവസൂര്യയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ശിവസൂര്യയെ കാണാതായിട്ട് ഇന്നേക്ക് 9 ദിവസമാവുകയാണ്. കണ്ണൂര്‍ കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്കും വ്യാപിപ്പിച്ചു. അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.
വീടിനടുത്തുള്ള സിസിടിവി ക്യാമറകള്‍ എല്ലാം പോലീസ് പല കുറി പരിശോധിച്ചു. കുട്ടി വീടുവിട്ടത് ഉച്ചയ്ക്ക് ഒരു മണിക്കാണ്. ഇതിന് അടുത്തുള്ള സമയങ്ങളിലെ ദൃശ്യമാണ് പോലീസ് പരിശോധിച്ചത്. പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇതിനുശേഷമുള്ള മണിക്കൂറുകളിലെ ദൃശ്യങ്ങളും പരിശോധിച്ചു തുടങ്ങി. തലശ്ശേരി റെയില്‍വേ സ്റ്റേഷനിലെ ദൃശ്യങ്ങളും പല തവണ പരിശോധിച്ചിട്ടും തുമ്പൊന്നും കിട്ടിയിട്ടില്ല.
ഇതിനു പിന്നാലെയാണ് അടുത്തുള്ള പ്രധാന ഇതര സംസ്ഥാന നഗരം എന്ന നിലയ്ക്ക് മൈസൂരുവിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. ഇതുവരെ തലശ്ശേരി എസ്പിയുടെ സ്‌ക്വാഡും ചൊക്ലി പോലീസും നടത്തിയ അന്വേഷണത്തില്‍ പുരോഗതി ഇല്ലാത്തതിനാല്‍ എസ് ഐ ടി രൂപീകരിക്കാന്‍ തീരുമാനമായി. സ്‌നിഫര്‍ ഡോഗുകളെ ഉപയോഗിച്ച് കുട്ടിയുടെ വീട്ടില്‍ വീണ്ടും പരിശോധന നടത്തിയെങ്കിലും പോയ വഴി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ശിവ സൂര്യയുടെ വീട്ടിലും ചൊക്ലി പോലീസ് സ്റ്റേഷനിലും എത്തി അന്വേഷണ പുരോഗതി വിലയിരുത്തി. അന്വേഷണത്തില്‍ തൃപ്തിയെന്ന് അധ്യക്ഷന്‍ കെ വി മനോജ് കുമാര്‍ പറഞ്ഞു. 3000 രൂപയും രണ്ടു ജോഡി വസ്ത്രവും എടുത്താണ് കാശിയിലേക്ക് പോകുന്നു എന്ന് കുറിപ്പെഴുതിവെച്ച് കുട്ടി വീടുവിട്ടത്. അമിത മൊബൈല്‍ ഗെയിം ഉപയോഗം തടഞ്ഞതിനു പിന്നാലെ ആയിരുന്നു ഇറങ്ങിപ്പോക്ക്.
.jpg)

