കന്റോൺമെന്റ് എസ്.ഐക്കെതിരെ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്
തിരുവനന്തപുരം : കന്റോൺമെന്റ് എസ്.ഐക്കെതിരെ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി എം.എ. നന്ദനെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കന്റോൺമെന്റ് സ്റ്റേഷനിലെ എസ്.ഐ ജി. ഗോകുലിനെതിരെയാണ് സ്പെഷൽ ബ്രാഞ്ച് സിറ്റി പൊലീസ് കമീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. നന്ദനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ എസ്.ഐയുടെ ഭാഗത്തുനിന്നു വീഴ്ച സംഭവിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
ഫോൺ സംഭാഷണത്തിൽ ആഭ്യന്തരമന്ത്രിയുടെ പേര് പരാമർശിച്ചുവെന്നും സിറ്റി പൊലീസ് കമീഷണർ അരുൾ ബി. കൃഷ്ണക്ക് സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമീഷണർ സുരേഷ് ബാബു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യത്തിൽ എസ്.ഐയുടെ വിശദീകരണം കേട്ടശേഷം അച്ചടക്കനടപടി പ്രഖ്യാപിച്ചേക്കും. കഴിഞ്ഞയാഴ്ച എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെയുണ്ടായ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് എസ്.ഐയുടെ വീട്ടിലേക്ക് മാർച്ച് പ്രഖ്യാപിച്ച സാഹചര്യത്തിൽ എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു.
ഇടതുസംഘടനകളുടെ പ്രതിഷേധങ്ങൾക്കിടെ കന്റോൺമെന്റ് സി.ഐയും എസ്.ഐയും നിർബന്ധിത അവധിയിൽ പ്രവേശിച്ചെന്ന വാർത്ത നിഷേധിച്ച് സിറ്റി പൊലീസ് കമീഷണർ അരുൾ ബി. കൃഷ്ണ. സി.ഐ സതീഷ് കുമാറും എസ്.ഐ ജി. ഗോകുലും മൂന്നു ദിവസത്തെ അവധിയിൽ പ്രവേശിച്ചെന്നുമായിരുന്നു റിപ്പോർട്ടുകൾ പുറത്തുവന്നത്. യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ നടന്ന ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പ്രതിഷേധ മാർച്ചുകൾ നടക്കുന്നതിനിടെയാണ് വാർത്ത പ്രചരിച്ചത്.
വ്യക്തിപരമായ ആവശ്യത്തിന് ഇന്നലെ ഒരു ദിവസത്തെ അവധിക്ക് സതീഷ് കുമാർ നേരത്തേ അപേക്ഷ നൽകിയിരുന്നെന്നും ഇന്നു തിരികെ പ്രവേശിക്കുമെന്നും കമീഷണർ പറഞ്ഞു. എസ്.ഐ ജി. ഗോകുൽ പോക്സോ കേസുകളിലെ അന്വേഷണവുമായി ബന്ധപ്പെട്ട് മൂന്നു ദിവസത്തെ പരിശീലന പരിപാടിയിൽ പങ്കെടുക്കുകയാണെന്നും കമീഷണർ വിശദീകരിച്ചു. സി.ഐയുടെ അഭാവത്തിൽ ഇന്നലെ ഒരു ദിവസത്തേക്കു മാത്രം നർകോട്ടിക് വിഭാഗം സി.ഐക്ക് കന്റോൺമെന്റ് സ്റ്റേഷനിലെ അധികച്ചുമതല നൽകിയതാണെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം.
.jpg)


