സോണിയ ഗാന്ധി ആശുപത്രി വിട്ടു
മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി (79) ആശുപത്രി വിട്ടു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ തിമിര ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള പതിവ് പരിശോധനകൾക്കായാണ് എത്തിയത്. സോണിയാ ഗാന്ധി ആശുപത്രിയിലാണെന്ന വാർത്തകൾ വന്നതോടെ കേരള മുഖ്യമന്ത്രി പ്രഖ്യാപനം വീണ്ടും നീളുമോ എന്ന ആശങ്ക ഉയർന്നിരുന്നെങ്കിലും പരിശോധനകൾ പൂർത്തിയാക്കി അവർ മടങ്ങിയതോടെ അനിശ്ചിതത്വം നീങ്ങി.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച ഇന്ന് വൈകുന്നേരം നടക്കും. വൈകുന്നേരത്തെ ചർച്ചകൾക്ക് ശേഷം കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടായേക്കുമെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന. ശ്വസനതടസ്സവും ഉദരസംബന്ധമായ അസുഖങ്ങളും കാരണം മുൻപ് പലതവണ സോണിയാ ഗാന്ധി ചികിത്സ തേടിയിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ ആശുപത്രി സന്ദർശനം പതിവ് പരിശോധനകളുടെ ഭാഗം മാത്രമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഡൽഹിയിലെ കാലാവസ്ഥാ വ്യതിയാനവും മലിനീകരണവും സോണിയയുടെ ആരോഗ്യത്തെ മുൻപ് ബാധിച്ചിരുന്നെങ്കിലും നിലവിൽ അവരുടെ ആരോഗ്യനില തൃപ്തികരമാണ്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള അവസാനവട്ട ചർച്ചകളിലേക്ക് ഹൈക്കമാൻഡ് കടക്കുകയാണ്.
.jpg)

