സ്കോളർഷിപ് തുക നൽകാതെ ന്യൂനപക്ഷ അവകാശങ്ങൾ സർക്കാർ അട്ടിമറിക്കുന്നു : സോളിഡാരിറ്റി

കോഴിക്കോട്: ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്കോളർഷിപ്പിനായി വകയിരുത്തിയ തുകയിൽ ഒരു പൈസപോലും ചെലവഴിക്കാതെ സർക്കാർ ന്യൂനപക്ഷങ്ങളെ വഞ്ചിക്കുകയും അവകാശങ്ങൾ അട്ടിമറിക്കുകയുമാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ഒമ്പത് സ്കോളർഷിപ്പുകളുടെ ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന വിജ്ഞാപനം ഫെബ്രുവരി 20നാണ് ന്യൂനപക്ഷ ഡയറക്ടറേറ്റ് പുറപ്പെടുവിച്ചത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇതിന്റെ നടപടികൾ പൂർത്തിയാക്കുക അപ്രായോഗികമാണ്.
ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്, സിവിൽ സർവിസിനും വിദേശപഠനത്തിനുമുള്ള സ്കോളർഷിപ് (6.30 കോടി), പ്ലസ് ടു പൊതുപരീക്ഷയിൽ 60 ശതമാനം മാർക്ക് നേടുന്ന വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്, ഡോ. എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ് (82 ലക്ഷം), മദർ തെരേസ സ്കോളർഷിപ് (68 ലക്ഷം), ഐ.ടി.സി ഫീസ് റീ ഇംപേഴ്സ്മെന്റ് സ്കീം (4.02 കോടി) എന്നിങ്ങനെ ബജറ്റിൽ വകയിരുത്തിയ പദ്ധതികൾക്കായി അനുവദിച്ച തുകയുടെ വലിയഭാഗം സർക്കാറിന്റെ അനാസ്ഥകാരണം പാഴാകുന്ന അവസ്ഥയാണ്.
ന്യൂനപക്ഷ ക്ഷേമപദ്ധതികൾക്ക് നീക്കിവെച്ച മൊത്തം തുകയുടെ 22.3 ശതമാനം മാത്രമാണ് ആകെ ചെലവാക്കിയത്. കഴിഞ്ഞ സാമ്പത്തികവർഷം സ്കോളർഷിപ്പുകൾക്ക് മാത്രമായി അനുവദിച്ച 23.76 കോടിയിൽ 5.22 കോടി രൂപ ചെലവഴിക്കാതെ പാഴാകുകയായിരുന്നു.
കേന്ദ്രം ന്യൂനപക്ഷ പദ്ധതികൾക്കുള്ള ഫണ്ട് റദ്ദാക്കുമ്പോൾ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ഇടതുസർക്കാറും സമാന പാതയാണ് തുടരുന്നതെന്നും ഇതിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, സെക്രട്ടറിമാരായ പി.പി. ജുമൈൽ, അസ്ലം അലി, എന്നിവർ സംസരിച്ചു.