വീര്യം കുറഞ്ഞ മദ്യനികുതി കുറക്കുന്നത് കുരങ്ങിന് ഏണി വെച്ചത് പോലയൊകും : കാന്തപുരം
കോഴിക്കോട്: മദ്യനികുതി ഇളവിലും പി.എം ശ്രീയിലും സർക്കാരിനെതിരെ വിമർശവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. സമസ്തയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച സർക്കാർ നടപടിയിൽ നിന്ന് പിന്മാറണം. നികുതി കുറക്കുന്നത് കുരങ്ങിന് ഏണിവെച്ചുകൊടുക്കുന്നത് പോലെ മദ്യ വിൽപനക്കാർക്ക് സഹായമാകും. മദ്യനിരോധനത്തിലേക്ക് ആണ് പോകേണ്ടത്. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ എതിർക്കുന്ന പിഎം ശ്രീ നടപ്പാക്കരുതെന്നും കാന്തപുരം ആവശ്യപ്പെട്ടു.
‘പിഎംശ്രീ പദ്ധതി കൊണ്ടുവന്നപ്പോൾ ഇവിടെ പ്രതിപക്ഷത്തായിരുന്നവർ ഇപ്പോൾ ഭരണപക്ഷത്ത് വന്നിരിക്കുന്നു. ഈ രണ്ടു വിഭാഗവും ഒരുപോലെ എതിർത്ത വിഷയമായതുകൊണ്ട് ആ തീരുമാനത്തിനെതിരെ ഇന്നത്തെ ഗവൺമെന്റ് നിലപാടെടുക്കണം എന്ന് ഞാൻ ഓർമ്മപ്പെടുത്തുകയാണ്’ -അദ്ദേഹം പറഞ്ഞു.
ആൽക്കഹോളിൻറെ അളവ് 0.5 ശതമാനം മുതൽ 10 ശതമാനം വരെയുള്ള മദ്യത്തിന് 120 ശതമാനമായും 10 ശതമാനം മുതൽ 20 ശതമാനം വരെയുള്ളവക്ക് 175 ശതമാനമായുമാണ് ബജറ്റിൽ നികുതി നിശ്ചയിച്ചത്. ഇത് വിവാദമാവുകയും പ്രതിപക്ഷം ആയുധമാക്കുകയും ഭരണ മുന്നണിയിൽതന്നെ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുകയും ചെയ്തതോടെ ഇന്നലെ നിയമസഭയിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു. നികുതി നിശ്ചയിച്ചെങ്കിലും യു.ഡി.എഫിൻറെ മദ്യനയത്തിൽ അനുവദിച്ചാൽ മാത്രമേ കേരളത്തിൽ വീര്യം കുറഞ്ഞ മദ്യം വിൽക്കൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദ്യനയം എന്നത് മുന്നണിയുടെ രാഷ്ട്രീയ തീരുമാനമാണ്. യു.ഡി.എഫ് ഇതുവരെ മദ്യനയം നിശ്ചയിച്ചിട്ടില്ല. ഇനി മുന്നണിയുടെ മദ്യനയത്തിൽ, വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ തീരുമാനിച്ചാൽ ഇപ്പോൾ ബജറ്റിൽ നിശ്ചയിച്ചതാകും നികുതി. ഇല്ലെങ്കിൽ ഈ കാറ്റഗറി വിൽക്കില്ല. എല്ലാവരുമായും ചർച്ച ചെയ്താണ് മദ്യനയത്തിൻറെ കരട് തയാറാക്കുകയെന്നും നിയമസഭയിൽ ബജറ്റ് ചർച്ചക്ക് മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
.jpg)

