പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവിന്റെ മരണം; പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

പൊതു പ്രവര്‍ത്തകനായ ഗിരീഷ് ബാബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത് കഴിഞ്ഞദിവസമാണ്. എറണാകുളം കളമശേരിയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലില്‍ കണ്ടെത്തിയത്. കേരള രാഷ്ട്രീയത്തിലെ നിരവധി അഴിമതികള്‍ക്കെതിരെ പോരാടിയ പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബുവിന്റെ മരണത്തില്‍ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തിരുന്നു.
ഗിരീഷ് ബാബുവിന്റെ പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ നിരവധി സംശയങ്ങള്‍ക്ക് മറുപടി ലഭിച്ചിരിക്കുകയാണ്. മരണകാരണം ഹൃദയാഘാതമെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം പറയുന്നത്. തലച്ചോറിലെ ബ്ലോക്കിന് കഴിഞ്ഞ ഏപ്രിലില്‍ ഗിരീഷ് ബാബു ചികിത്സ തേടിയിരുന്നു. ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയും നിര്‍ദ്ദേശിച്ചിരുന്നു. വരുംദിവസങ്ങളില്‍ തുടര്‍ചികിത്സക്കുള്ള ഒരുക്കത്തിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു.
അദ്യകാലത്ത് സിനിമ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്ന ഗിരീഷ് ബാബു പിന്നീട് സജീവ പൊതുപ്രവര്‍ത്തകനായി. മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് പ്രതിയായ പാലാരിവട്ടം പാലം അഴിമതി, പെരിയാറിലെ മലിനീകരണം ഏറ്റവും ഒടുവിലായി മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ മാസപ്പടി വിഷയം തുടങ്ങി നിരവധി കേസുകളിലെ ഹര്‍ജിക്കാരനാണ്.
കഴിഞ്ഞ ദിവസം മാസപ്പടി കേസ് ഇന്ന് ഹൈക്കോടതിയില്‍ വരുന്നതിനാല്‍ നേരത്തെ വിളിക്കണമെന്ന് ഭാര്യയോട് പറഞ്ഞിരുന്നു. രാവിലെ ഏഴരയോടെ ഭാര്യ പല തവണ കതകില്‍ മുട്ടിയെങ്കിലും തുറന്നില്ല. തുടര്‍ന്ന് സമീപവാസികളെത്തി കതക് ചവിട്ടി തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കാണുന്നത്.
47 വയസായിരുന്നു.ലതയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. ഗിരീഷ് ബാബുവിന്റെ സംസ്‌കാരം ഇന്ന് നടക്കും.