എസ്എൻഡിപി മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: ആഭ്യന്തര-വിജിലൻസ് വകുപ്പുകൾക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം; അന്വേഷണ ഉദ്യോഗസ്ഥൻ നാളെ നേരിട്ട് ഹാജരാകണം
കൊച്ചി: എസ്എൻഡിപി മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം പൂർത്തിയായ മുഴുവൻ കേസുകളിലും അന്തിമ റിപ്പോർട്ട് സമർപ്പിക്കാത്തതിൽ ആഭ്യന്തര-വിജിലൻസ് വകുപ്പുകളെ രൂക്ഷമായി വിമർശിച്ച് കേരള ഹൈക്കോടതി. "ഉൾപ്പെട്ടവർ ഉന്നതരാണെങ്കിൽ ഓരോ നടപടിക്കും കോടതി സമ്മർദ്ദം ചെലുത്തേണ്ടതുണ്ടോ? അല്ലെങ്കിൽ ഒരു പങ്കുമില്ലാത്ത പാവപ്പെട്ടവരെ കസ്റ്റഡിയിലെടുക്കും," എന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ വാക്കാൽ നിരീക്ഷിച്ചു. കോടതി ഉത്തരവ് പൂർണ്ണമായി പാലിക്കാത്ത അന്വേഷണ ഉദ്യോഗസ്ഥൻ നാളെ (നവംബർ 27) നേരിട്ട് ഹാജരായി സത്യവാങ്മൂലം നൽകാനും കോടതി ഉത്തരവിട്ടു.
കേസിൽ ആകെ എട്ട് അന്തിമ റിപ്പോർട്ടുകൾ സമർപ്പിക്കേണ്ടതിന് പകരം കൊല്ലം പ്രത്യേക കോടതിയിൽ ഒരൊറ്റ റിപ്പോർട്ട് മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് കോടതി ഉത്തരവിന്റെ ലംഘനമാണെന്നും ബാക്കി ഏഴ് റിപ്പോർട്ടുകൾ സമർപ്പിക്കാൻ വൈകുന്നതിന്റെ കാരണം വ്യക്തമാക്കി ഉദ്യോഗസ്ഥൻ സത്യവാങ്മൂലം നൽകണമെന്നും ജസ്റ്റിസ് ബദറുദ്ദീൻ നിർദ്ദേശിച്ചു.
15.85 കോടി രൂപയുടെ സർക്കാർ ഫണ്ട് തട്ടിയെടുത്തെന്ന കേസിൽ അന്വേഷണം പൂർത്തിയായ മുഴുവൻ കേസുകളിലും നവംബർ 26-നകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞയാഴ്ച ഹൈക്കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. ഉത്തരവ് പാലിച്ചില്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കുറ്റപത്രം സമർപ്പിക്കാൻ നേരത്തെ രണ്ടാഴ്ചത്തെ സമയവും കോടതി അനുവദിച്ചിരുന്നു.
.jpg)

