കേരളത്തിൽ പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണത്തിൽ വർധന
സംസ്ഥാനത്ത് ഉഷ്ണതരംഗം കടുക്കുന്നതിനിടയിൽ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് വലിയ ആശങ്കയ്ക്ക് കാരണമാകുന്നു. ചൂട് കൂടിയതോടെ പാമ്പുകൾ മാളങ്ങളിൽ നിന്ന് പുറത്തിറങ്ങുന്നതാണ് അപകടങ്ങൾ വർദ്ധിക്കാൻ കാരണം. ഇന്നലെ മാത്രം ഇടുക്കിയിലും കണ്ണൂരിലും പാമ്പുകടിയേറ്റ് ഓരോ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത് മാത്രം അഞ്ചുപേർക്കാണ് കഴിഞ്ഞ ദിവസം പാമ്പുകടിയേറ്റത്. എറണാകുളം ചെറായിയിൽ ഒരു വിനോദസഞ്ചാരിക്കും കടിയേറ്റതോടെ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. താലൂക്ക് ആശുപത്രികളിൽ ഉൾപ്പെടെ ചികിത്സാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയെങ്കിലും ആവശ്യത്തിന് ഡോക്ടർമാരില്ലെന്ന പരാതി ഉയരുന്നുണ്ട്.
പാമ്പുകടിയേറ്റാൽ ചെയ്യരുതാത്ത കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവുക എന്നത് ജീവൻ രക്ഷിക്കാൻ അത്യന്താപേക്ഷിതമാണ്. കടിയേറ്റാൽ പരിഭ്രമിക്കുന്നത് ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും വിഷം വേഗത്തിൽ ശരീരത്തിലാകെ വ്യാപിക്കാൻ ഇടയാക്കുകയും ചെയ്യും. മുറിവിന് മുകളിൽ തുണിയോ കയറോ ഉപയോഗിച്ച് മുറുക്കി കെട്ടുന്നത് രക്തയോട്ടം തടസ്സപ്പെടുത്തി കോശങ്ങൾ നശിക്കാൻ കാരണമാകുന്നതിനാൽ ഇത് ഒഴിവാക്കണം. അതുപോലെ മുറിവ് മുറിക്കാനോ, വായ ഉപയോഗിച്ച് വിഷം വലിച്ചെടുക്കാനോ, ഐസ് വെക്കാനോ ശ്രമിക്കരുത്. മന്ത്രവാദം പോലുള്ള അശാസ്ത്രീയ ചികിത്സകളിൽ സമയം കളയാതെ എത്രയും വേഗം ആശുപത്രിയിൽ എത്തിച്ച് ആന്റി സ്നേക്ക് വെനം ലഭ്യമാക്കുകയാണ് വേണ്ടത്. കടിയേറ്റ വ്യക്തിക്ക് മദ്യമോ വേദനസംഹാരികളോ നൽകാതിരിക്കാനും ശ്രദ്ധിക്കണം.
.jpg)

