സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്
തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്. കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന നിലയിലായിരുന്ന പ്രതിദിന ഉപയോഗം 100.98 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. പരമാവധി വൈദ്യുതി ആവശ്യകത 5332 മെഗാവാട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര നിലയങ്ങളിൽ നിന്ന് 48.46 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലഭ്യമായി. നിലവിൽ സംസ്ഥാനത്തെ ആകെ ഉൽപാദനം 19.54ദശലക്ഷം യൂണിറ്റാണ്. ഇതിൽ 17.44ദശലക്ഷം യൂണിറ്റ് ജലവൈദ്യുത പദ്ധതികളിൽ നിന്നാണ് ലഭിക്കുന്നത്. പ്രധാന നിലയങ്ങളായ ഇടുക്കിയിൽ നിന്ന് 6.08 ദശലക്ഷം യൂണിറ്റും ശബരിഗിരിയിൽ നിന്ന് 4.12 ദശലക്ഷം യൂണിറ്റും ഉൽപാദിപ്പിച്ചു.
നിലവിൽ അണക്കെട്ടുകളിൽ ആകെ 1131.44 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ വെള്ളം ലഭ്യമാണ്. ജൂൺ ഒന്നോടെ ഡാമുകളിൽ ചുരുങ്ങിയത് 650 ദശലക്ഷം യൂണിറ്റിനുള്ള കരുതൽ ശേഖരം ഉറപ്പാക്കേണ്ടതുണ്ട്.അതിനാൽ വരും ദിവസങ്ങളിൽ ഏകദേശം 481 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള വെള്ളം മാത്രമേ ഉപയോഗിക്കൂ. ജലവർഷം അവസാനിക്കാൻ 26 ദിവസങ്ങൾ കൂടി ബാക്കി നിൽക്കെ നിലവിലെ ജലശേഖരം തൃപ്തികരമാണെന്നാണ് വിലയിരുത്തൽ. സൗരോർജത്തിൽ നിന്ന് 1.51 ദശലക്ഷം യൂണിറ്റും വിതരണ ശൃംഖലയിലേക്ക് എത്തുന്നുണ്ട്.
.jpg)

