ഈ വർഷത്തെ ആദ്യ മൺസൂൺ പ്രവചനവുമായി സ്കൈമെറ്റ്, കേരളത്തില്‍ അധികമഴ

rain
rain

ദില്ലി: ഈ വർഷത്തെ ആദ്യ മൺസൂൺ പ്രവചനവുമായി സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജൻസിയായ സ്കൈമെറ്റ്. 2025ലെ മൺസൂണിൽ രാജ്യത്ത് സാധാരണ നിലയിൽ മഴ ലഭിക്കുമെന്നാണ് പ്രവചനം.  ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള നാല് മാസ കാലയളവിൽ ശരാശരിയായ 868.6 മില്ലിമീറ്റർ (മില്ലീമീറ്റർ) മഴ ലഭിക്കും. 

അഞ്ച് ശതമാനം കുറവോ കൂടുതലോ മഴ ലഭിച്ച് മൺസൂൺ സാധാരണമായിരിക്കുമെന്ന് സ്കൈമെറ്റ് പ്രസ്താവനയിൽ പറഞ്ഞു. പശ്ചിമ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ‌, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ മതിയായ മഴ ലഭിക്കും. പശ്ചിമഘട്ടത്തിലെമ്പാടും, പ്രത്യേകിച്ച് കേരളം, തീരദേശ കർണാടക, ഗോവ എന്നിവിടങ്ങളിൽ അധിക മഴയ്ക്ക് സാധ്യതയുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും വടക്കേ ഇന്ത്യയിലെ മലയോര സംസ്ഥാനങ്ങളിലും സീസണിൽ സാധാരണയേക്കാൾ കുറഞ്ഞ മഴ ലഭിക്കുമെന്നും പ്രവചനം പറയുന്നു.

ഈ സീസണിലെ ലാ നിന പ്രതിഭാസം ദുർബലവും ഹ്രസ്വകാലവുമായിരുന്നു. ലാ നിനയുടെ ലക്ഷണങ്ങൾ ഇപ്പോൾ ഇല്ലാതാകാൻ തുടങ്ങി. അതേസമയം, സാധാരണയായി മൺസൂണിനെ ദുർബലമാക്കുന്ന എൽ നിനോയുടെ സാധ്യത തള്ളിക്കളയാനാവില്ലെന്നും പ്രവചനത്തിൽ പറയുന്നു. ലാ നിനയുയും എൻസോയും (എൽനിനോ സതേൺ ഓസിലേഷൻ) മൺസൂണിനെ സാധാരണ നിലയിലാക്കാൻ സഹായിക്കും. എൻസോ ന്യൂട്രലും പോസിറ്റീവ് ഐഒഡിയും(ഇന്ത്യൻ ഓഷ്യൻ ഡൈപോളും) ചേർന്ന് മൺസൂൺ മികച്ചതാക്കാൻ സാധ്യതയുണ്ടെന്നും മൺസൂണിന്റെ രണ്ടാം ഘട്ടത്തിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും സ്കൈമെറ്റിന്റെ മാനേജിംഗ് ഡയറക്ടർ ജതിൻ സിംഗ് പറഞ്ഞു.

Tags