വീട്ടിലെത്തി 91 വയസുകാരിയുടെ ചർമ്മം സ്വീകരിച്ച് സ്‌കിൻ ബാങ്ക് ടീം; സ്‌കിൻ ബാങ്കിൽ രണ്ടാമത്തെ ചർമ്മം ലഭ്യമായി

Skin bank team receives skin from 91-year-old woman at home; Second skin available at skin bank

തിരുവനന്തപുരത്തെ 91 വയസുള്ള ആനന്ദവല്ലി അമ്മാളിന്റെ ചർമ്മം വീട്ടിലെത്തി സ്വീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്‌കിൻ ബാങ്ക് ടീം. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ ന്യൂറോ സർജറി വിഭാഗം മേധാവിയായ ഡോ. ഈശ്വറിന്റെ അമ്മയുടെ കണ്ണുകൾ, ചർമ്മം എന്നിവയാണ് ദാനം ചെയ്തത്. അമ്മയുടെ ആഗ്രഹമായിരുന്നു മരണാനന്തര അവയവദാനം. എന്നാൽ പ്രായക്കൂടുതൽ ആയതിനാൽ മറ്റ് അവയവങ്ങൾ എടുക്കാനായില്ല. വീട്ടിൽ വച്ച് മരണമടഞ്ഞ അമ്മയെ അവയവദാനത്തിനായി ആശുപത്രിയിലെത്തിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. തുടർന്നാണ് സ്‌കിൻബാങ്കിലെ ടീം പ്രായോഗിക ബുദ്ധിമുട്ടുകൾ മറികടന്ന് വീട്ടിലെത്തി ചർമ്മം സ്വീകരിച്ചത്. അവയവദാനം നടത്തിയ അമ്മയുടെ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിക്കുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. സ്‌കിൻ ബാങ്ക് ടീമിനെ മന്ത്രി അഭിനന്ദിച്ചു.

tRootC1469263">

ചർമ്മം എടുക്കാനുള്ള അത്യാധുനിക സംവിധാനങ്ങളുമായാണ് ടീം വീട്ടിലെത്തിയത്. 4 മണിക്കൂറോളം കൊണ്ടാണ് ചർമ്മം എടുത്തത്. ഡോ. പ്രേംലാലിന്റെ നേതൃത്വത്തിൽ ഡോ. ആഭ, ഡോ. അനുപമ, ഡോ. ആർഷ, ഡോ. ലിഷ, നഴ്‌സിംഗ് ഓഫീസർമാരായ അശ്വതി, ഷീന ബാബു എന്നിവരാണ് ടീമിലുണ്ടായിരുന്നത്.

കേരളത്തിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ സ്‌കിൻ ബാങ്കിൽ ലഭിക്കുന്ന രണ്ടാമത്തെ ചർമ്മമാണിത്. 6.75 കോടി ചെലവഴിച്ചാണ് ബേൺസ് യൂണിറ്റിനോടൊപ്പം സ്‌കിൻ ബാങ്ക് സജ്ജമാക്കിയത്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് സ്‌കിൻ ബാങ്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ കൂടി സ്‌കിൻ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

ആദ്യമായി ലഭിച്ച ചർമ്മത്തിന്റെ പ്രോസസിംഗ് പുരോഗമിക്കുന്നു. പ്രത്യേക താപനിലയിലും സംവിധാനത്തിലുമാണ് ചർമ്മം സംരക്ഷിക്കുന്നത്. മൂന്ന് ആഴ്ചത്തെ കെമിക്കൽ പ്രോസസിംഗിന് ശേഷം അത്യാവശ്യമുള്ള രോഗികൾക്ക് പ്ലാസ്റ്റിക് സർജറിയിലൂടേയും നൂതന സാങ്കേതികവിദ്യയോടെയും ചർമ്മം വച്ച് പിടിപ്പിക്കുന്നു. അപകടത്താലും പൊള്ളലേറ്റും ചർമ്മം നഷ്ടപ്പെട്ടവർക്ക് ജീവൻ നിലനിർത്താൻ ഇത് അത്യാവശ്യമാണ്. പുതിയ ചർമ്മം പരിക്കേറ്റ ഭാഗത്ത് ഒരു കവചം നൽകുന്നു. മാത്രമല്ല അണുബാധ കുറയ്ക്കാനും വേദന കുറയ്ക്കാനും ധാതുനഷ്ടവും ലവണ നഷ്ടവും കുറയ്ക്കാനും സാധിക്കുന്നു.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. വിശ്വനാഥൻ, പ്രിൻസിപ്പൽ ഡോ. ജബ്ബാർ, സൂപ്രണ്ട് ഡോ. ജയച്ചന്ദ്രൻ, ആർഎംഒ ഡോ. അനൂപ്, കെ. സോട്ടോ നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസ് തുടങ്ങിയവർ ഏകോപനമൊരുക്കി.

Tags