ആറുവയസുകാരിയെ ട്രെയിനില്‍ പീഡിപ്പിക്കാന്‍ ശ്രമം ; യാത്രക്കാരിയായ യുവതിയുടെ ഇടപെടലിലൂടെ പ്രതി പിടിയില്‍

arrest

സംഭവത്തില്‍ അയത്തില്‍ സ്വദേശി ഡാനിഷിനെ പുനലൂര്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.

പാലരുവി എക്‌സ്പ്രസില്‍ ആറുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ പിടികൂടിയത് യാത്രക്കാരിയായ യുവതിയുടെ സമയോജിതമായ ഇടപെടലില്‍. കൊട്ടാരക്കര കോട്ടത്തല സ്വദേശിയായ വി എസ് വീണയുടെ ഇടപെടലാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചത്. സംഭവത്തില്‍ അയത്തില്‍ സ്വദേശി ഡാനിഷിനെ പുനലൂര്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.


പുനലൂര്‍ ചെങ്കോട്ട യാത്രയ്ക്കിടയില്‍ പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം. മുത്തച്ഛനൊപ്പം തീര്‍ത്ഥാടനത്തിന് പോവുകയായിരുന്നു പെണ്‍കുട്ടി. ഈ സമയത്താണ് പീഡന ശ്രമം. അമ്മയുടെ ചികിത്സയ്ക്കായി ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു വീണ. പ്രതിയുടെ പെരുമാറ്റത്തില്‍ ആദ്യമേ സംശയം തോന്നിയിരുന്നതായി വീണ പറയുന്നു. രാത്രി ഉറങ്ങുന്ന സമയത്ത് അയാള്‍ ശല്യപ്പെടുത്തി. ഇതോടെ ഉറങ്ങാതെ ഇയാളെ നിരീക്ഷിക്കാന്‍ തുടങ്ങി. ഈ സമയത്താണ് തറയില്‍ ബന്ധുക്കള്‍ക്കൊപ്പം ഉറങ്ങിയ കുഞ്ഞിനെ ഇയാള്‍ മടിയിലിരുത്തിയത്. സ്വന്തം മകളെ പോലെയാണ് ഇയാള്‍ പെരുമാറിയത്. എന്നാലും സംശയം തോന്നിയപ്പോള്‍ മൊബൈലില്‍ വീഡിയോ പകര്‍ത്തി. അടുത്തിരുന്നയാള്‍ മകളാണോ എന്നു ചോദിച്ചപ്പോള്‍ അല്ല എന്നു പറഞ്ഞു. അയാളും കാര്യമായി പ്രതികരിച്ചില്ല.
കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടപ്പോള്‍ ചാടി എണീറ്റ് ബഹളമുണ്ടാക്കി. തന്റെ ബന്ധുവാണെന്ന് നുണ പറഞ്ഞെങ്കിലും ബഹളം കേട്ട് എല്ലാവരും ഉണര്‍ന്നു. മാതാപിതാക്കളെ വിളിച്ച് സത്യം ബോധ്യപ്പെടുത്തി. പ്രതി ദേഷ്യപ്പെട്ടപ്പോള്‍ താന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ അയാള്‍ക്ക് കാണിച്ചുകൊടുക്കുകയും മുഖത്തടിക്കുകയും ചെയ്തു. എല്ലാവരും ഇടപെട്ടു. ആ നിമിഷം പ്രതികരിച്ചതുകൊണ്ടാണ് അപകടം ഒഴിവായത്. അല്ലെങ്കില്‍ നാളെ മറ്റൊരു വാര്‍ത്ത കേട്ടെനെയെന്നും വീണ പറയുന്നു.
 

Tags