കോഴിക്കോട് അമ്മത്തൊട്ടിലിൽ ഈസ്റ്റർ ദിനത്തിൽ ആറാമത്തെ അതിഥി

The sixth guest on Easter at Ammathottil in Kozhikode

കോഴിക്കോട്:  കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപമുള്ള അമ്മത്തൊട്ടിലിൽ ഈസ്റ്റർ ദിനത്തിൽ ഒരു കുഞ്ഞുകൂടി.പുലർച്ചെ അതിഥിയായെത്തിയ ആൺകുഞ്ഞിന് ‘കനിവ്’ എന്ന് പേരിട്ടു. കഴിഞ്ഞ ഏഴ് മാസത്തിനിടെ ഈ അമ്മത്തൊട്ടിലിൽ എത്തുന്ന ആറാമത്തെ കുരുന്നാണിത്.

ഈസ്റ്റർ ദിനം പുലർച്ചെ 6.50ഓടെയാണ് കുഞ്ഞെത്തിയത്. ഒരാഴ്ച പ്രായവും 3.200 ഗ്രാം തൂക്കവുമുള്ള കനിവ് നിലവിൽ പൂർണ്ണ ആരോഗ്യവാനായി ബീച്ച് ആശുപത്രിയിൽ കഴിയുകയാണ്. കുട്ടി എത്തിയതോടെ നഴ്സിങ് സ്റ്റേഷനിൽ അലാറം മുഴങ്ങുകയും ഉടൻ തന്നെ ഉദ്യോഗസ്ഥർ എത്തി കുട്ടിയെ ഇന്റർകെയർ യൂണിറ്റിലേക്ക് മാറ്റുകയും ചെയ്തു.

കുഞ്ഞിന്റെ വരവറിഞ്ഞ് കോഴിക്കോട് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പിൽ ആശുപത്രിയിലെത്തുകയും, ഡോക്ടർമാരുമായി സംസാരിച്ച് കുരുന്നിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

കോഴിക്കോട് അമ്മത്തൊട്ടിലിൽ ഇതിനോടകം എത്തിയ അഞ്ച് ആൺകുട്ടികളിൽ അഞ്ചാമനാണ് കനിവ്. കുഞ്ഞിന്റെ ദത്തെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി അറിയിച്ചു. കുഞ്ഞിന്മേൽ അവകാശവാദമുള്ളവർ ഉണ്ടെങ്കിൽ എത്രയും വേഗം ശിശുക്ഷേമ സമിതി അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്.
 

Tags