സിസ തോമസിന്റെ പരാതി; നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
വിദ്യാര്‍ത്ഥികള്‍ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ച് സിസ തോമസ് പരാതി നല്‍കിയിരുന്നു.
കാലടി സര്‍വകലാശാലയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍ സിസ തോമസ് നല്‍കിയ പരാതിയില്‍ നടപടി. നാല് എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. മെവിന്‍, യദു കൃഷ്ണന്‍, ബേസില്‍, വിജീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാലടി പൊലീസിന്റേതാണ് നടപടി. വിദ്യാര്‍ത്ഥികള്‍ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ച് സിസ തോമസ് പരാതി നല്‍കിയിരുന്നു.
കാലടി സര്‍വകലാശാലയിലെ സംഭവവുമായി ബന്ധപ്പെട്ട് ഞായറാഴ്ചയായിരുന്നു സിസ തോമസ് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കിയത്. പ്രതിഷേധത്തിനിടെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ദേഹോപദ്രവം ചെയ്തതായി സിസ തോമസ് പരാതിയില്‍ പറഞ്ഞിരുന്നു. കൈയേറ്റം ചെയ്തുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും പരാതിയിലുണ്ടായിരുന്നു. കൂടെ വന്ന സിന്‍ഡിക്കേറ്റ് അംഗങ്ങളും ആക്രമിക്കപ്പെട്ടു. വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പരാതി നല്‍കി മണിക്കൂറുകള്‍ക്കുള്ളിലാണ് വിഷയത്തില്‍ പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിമൂന്നാം തീയതിയായിരുന്നു കാലടി സര്‍വകലാശാലയില്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്. സര്‍വകലാശാലയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലേക്ക് ശവമഞ്ചം അടക്കം കൊണ്ടുവന്നായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം. വി സി സിസ തോമസിനേയും സിന്‍ഡിക്കേറ്റ് അംഗങ്ങളെയും പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചിരുന്നു. ഇതിന് പിന്നാലെ തനിക്കെതിരെ കയ്യേറ്റം നടന്നുവെന്ന് ആരോപിച്ച് സിസ തോമസ് രംഗത്തെത്തിയിരുന്നു. സിന്‍ഡിക്കേറ്റ് അംഗങ്ങളെ മുറിയില്‍ പൂട്ടിയിട്ടെന്നും സിസ തോമസ് പറഞ്ഞിരുന്നു. ഔദ്യോഗിക വാഹനം നശിപ്പിച്ചെന്ന ആരോപണവും സിസ തോമസ് ഉന്നയിച്ചിരുന്നു. സംഭവത്തില്‍ പരാതി നല്‍കില്ലെന്നായിരുന്നു സിസ തോമസ് ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് പരാതി നല്‍കുകയായിരുന്നു.
.jpg)

