സസ്പെൻഷൻ വാർത്തയറിഞ്ഞതിന് പിന്നാലെ എസ്ഐയുടെ അമ്മ കുഴഞ്ഞുവീണ് മരിച്ചു

d

സസ്‌പെന്‍ഷന്‍ വാര്‍ത്തയറിഞ്ഞു സരസു അതീവ ദുഃഖിതയായിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു.

കൊച്ചി: ചേരാനെല്ലൂര്‍ അപകടത്തില്‍ എസ്‌ഐയുടെ സസ്‌പെന്‍ഷന്‍ വാര്‍ത്തയറിഞ്ഞതിനു പിന്നാലെ അമ്മ കുഴഞ്ഞുവീണ് മരിച്ചു. ചേരാനല്ലൂര്‍ സ്റ്റേഷനിലെ എസ്‌ഐ കെടി മനോജിന്റെ മാതാവ് പാതാളം കുരീക്കാട്ടുപറമ്പില്‍ എന്‍ കെ സരസുവാണ് (71) മരിച്ചത്.

കുറ്റിക്കാട്ടുകര ജനാർദനപ്പണിക്കർ റോഡ് കുരീക്കാട്ടുപറമ്പിൽ മകൾ മഞ്ജുവിനൊപ്പമായിരുന്നു സരസുവിന്റെ താമസം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് രണ്ടാഴ്ച മുമ്പ് ആൻജിയോപ്ലാസ്റ്റിക്ക് വിധേയയായിരുന്നു.

സസ്‌പെന്‍ഷന്‍ വാര്‍ത്തയറിഞ്ഞു സരസു അതീവ ദുഃഖിതയായിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു. ടിവിയില്‍ വാര്‍ത്ത കണ്ട സരസു ചേരാനല്ലൂരില്‍ എന്താണ് സംഭവിച്ചതെന്ന് മകളോട് ചോദിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ മനോജ് അമ്മയ്ക്ക് മരുന്നുമായി വീട്ടിലെത്തി. മകനെ കണ്ടതോടെ സരസു വികാരാധീനയായി. കുറച്ചുനേരം അമ്മയ്‌ക്കൊപ്പം ചെലവഴിച്ച് ആശ്വസിപ്പിച്ച ശേഷം മനോജ് മുപ്പത്തടത്തെ താമസസ്ഥലത്തേക്ക് മടങ്ങിയിരുന്നു.

ബിനാനിപുരം പൊലീസ് സ്റ്റേഷന്‍ വരെ എത്തിയ മനോജിനെ പിന്നീട് സഹോദരി ഫോണില്‍ വിളിച്ച് തിരികെ വരാന്‍ ആവശ്യപ്പെട്ടു. അമ്മയ്ക്ക് സുഖമില്ലെന്നും ഉടന്‍ എത്തണമെന്നും അറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയപ്പോഴേക്കും സരസു മരിച്ചിരുന്നു. ഭര്‍ത്താവ്: പരേതനായ തേവന്‍. മരുമക്കള്‍: സനല്‍കുമാര്‍, സുമ.

Tags