'മിഷന് ചക്കക്കൊമ്പന്' ദൗത്യത്തിന്റെ രണ്ടാം ദിനത്തില്‍ നിര്‍ണ്ണായക പുരോഗതി ; ആനയെ കണ്ടെത്തി
ചെമ്പകത്തൊഴുകുടി സെറ്റില്‍മെന്റ് ഭാഗത്തിന് സമീപമാണ് നിലവില്‍ ചക്കക്കൊമ്പനുള്ളത്.
ചിന്നക്കനാലില്‍ ഭീതിപരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള 'മിഷന് ചക്കക്കൊമ്പന്' ദൗത്യത്തിന്റെ രണ്ടാം ദിനത്തില്‍ നിര്‍ണ്ണായക പുരോഗതി. ദൗത്യത്തിന്റെ തുടക്കത്തില്‍ തന്നെ ആനയെ കണ്ടെത്താന്‍ (ലൊക്കേറ്റ് ചെയ്യാന്‍) സംഘത്തിന് സാധിച്ചു. ചെമ്പകത്തൊഴുകുടി സെറ്റില്‍മെന്റ് ഭാഗത്തിന് സമീപമാണ് നിലവില്‍ ചക്കക്കൊമ്പനുള്ളത്. ട്രാക്കിംഗ് ടീം ആനയെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഡ്രോണ്‍ ഉപയോഗിച്ചും ആനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.
രാവിലെ എട്ട് മണിക്ക് മുന്‍പായി ആനയെ കണ്ടെത്തുക എന്നതായിരുന്നു ദൗത്യസംഘത്തിന്റെ ലക്ഷ്യം. ഇതിന് പിന്നാലെ മയക്കുവെടി വെക്കുന്നതിനായുള്ള ഡാര്‍ട്ടിംഗ് ടീം ഉടന്‍ തന്നെ മേഖലയിലേക്ക് പുറപ്പെടും. ഉച്ചയ്ക്ക് ശേഷം പ്രദേശത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ പെയ്താല്‍ ദൗത്യം നീട്ടിവയ്ക്കേണ്ടി വരും. ഒരാള്‍ പൊക്കത്തില്‍ വളര്ന്നുനില്ക്കുന്ന പുല്ലും, ശക്തമായ കാറ്റും, കാഴ്ച മറയ്ക്കുന്ന കനത്ത മഞ്ഞും ദൗത്യസംഘത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മേഖലയിലെ 6 വാര്‍ഡുകളില്‍ ഇന്നും നിരോധനാജ്ഞ തുടരുകയാണ്.
.jpg)

