'സിദ്ദിഖിന്‍റെ രാജിപ്രഖ്യാപനം നാടകം, ലൈംഗികാതിക്രമത്തിന്റെ എല്ലാ തെളിവുകളും കയ്യിലുണ്ട്' : രേവതി സമ്പത്ത്
കൊച്ചി : നടൻ സിദ്ദിഖ് നടത്തിയ ലൈംഗികാതിക്രമത്തിൽ എല്ലാ തെളിവുകളും കയ്യിലുണ്ടെന്ന് നടി രേവതി സമ്പത്ത്. സിദ്ദിഖിന്‍റെ രാജിപ്രഖ്യാപനം നാടകമാണ്.'അമ്മ' സംഘടനയിൽ തനിക്ക് വിശ്വാസമില്ല. നടൻ റിയാസ് ഖാൻ ഫോണിലൂടെ അശ്ലീലം പറഞ്ഞിട്ടുണ്ടെന്നും 'അഡ്ജസ്റ്റ്മെന്‍റ്' ആവശ്യപ്പെട്ട സിനിമയിൽ അഡ്വാൻസ് തിരിച്ചുകൊടുത്ത് ഇറങ്ങിപ്പോന്നിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി.
'സിദ്ദിഖിനെ മുമ്പേ ഇറക്കിവിടേണ്ടതായിരുന്നു. ഇനി എനിക്ക് എന്ത് സംഭവിച്ചാലും അതിന് ഇതുമായി ബന്ധമുണ്ടായിരിക്കും. മുമ്പും നിരവധി ഭീഷണികൾ ഉണ്ടായിട്ടുണ്ട്. ഒരു തരത്തിലുള്ള സിനിമ-മാധ്യമ മേഖലയിലും സിദ്ദിഖിന് ഇടം നൽകരുതെന്ന അഭ്യർഥനയുണ്ട്. എത്രയോ പെൺകുട്ടികളുടെ സ്വപ്നങ്ങൾ തകർത്താണ് ഇവിടെ അയാൾ നിറഞ്ഞുനിൽക്കുന്നത്.'
'ഇപ്പോൾ കരിയറും പ്രഫഷനുമായി മുന്നോട്ടുപോവുകയാണ്. കേസുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകുന്നത് ഇതിനെ ബാധിക്കും. അതിനുള്ള ഒരു മാനസികാവസ്ഥയിലല്ല.'
'കൂടുതൽ പേർക്ക് സിദ്ദിഖിൽ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ട്. അവരിൽ പലരുടെയും സാഹചര്യങ്ങൾ കാരണമാണ് പരാതിയുമായി മുന്നോട്ട് വരാത്തത്. സിദ്ദിഖിന്‍റെ ഹോട്ടലിൽ ജോലി ചെയ്ത സ്ത്രീകൾ ഉൾപ്പെടെ അയാളിൽ നിന്ന് നേരിട്ട മോശം അനുഭവങ്ങൾ തന്നോട് പറഞ്ഞിട്ടുണ്ട്. സ്ക്രീൻ ഷോട്ടുകളും ഓഡിയോയും ഉൾപ്പെടെ തെളിവുകളുമായി ആളുകൾ തന്നോട് സംസാരിച്ചിട്ടുണ്ട്. അവരും പരാതിയുമായി പുറത്തുവരണമെന്നാണ് ആഗ്രഹിക്കുന്നത്.' -രേവതി സമ്പത്ത് പറഞ്ഞു.നടൻ റിയാസ് ഖാനിൽ നിന്നും മോശം അനുഭവമുണ്ടായതായി രേവതി വെളിപ്പെടുത്തി. ഫോണിലൂടെ മോശമായി സംസാരിക്കുകയായിരുന്നു. അന്ന് ആകെ ഷോക്കായിപ്പോയി.
read more : സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു
ആദ്യം ഞാൻ കരുതിയത് സിനിമ മേഖലയിൽ കുറച്ചുപേർ മാത്രമേ ഇങ്ങനെയുള്ളൂ എന്നായിരുന്നു. എന്നാൽ, പിന്നീടാണ് കാര്യങ്ങൾ മനസിലാകുന്നത്. ഏത് സിനിമയിൽ അവസരം വന്നാലും അഡ്ജസ്റ്റ്മെന്‍റിന് തയാറാണോയെന്നാണ് ചോദിക്കുന്നത്. സംവിധായകനുമായും കാമറാമാനുമായും എഡിറ്ററുമായുമൊക്കെ 'അഡ്ജസ്റ്റ്' ചെയ്യണമെന്ന് നമ്മളോട് പച്ചക്ക് പറയുകയാണ്. അങ്ങനെ പറഞ്ഞ സിനിമയിൽ അഡ്വാൻസ് തിരിച്ചുകൊടുത്ത് ഇറങ്ങിപ്പോരുകയായിരുന്നുവെന്നും രേവതി സമ്പത്ത് പറഞ്ഞു.