സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു
തിരുവനന്തപുരം: സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. തന്നോട് മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് രഞ്ജിത്തിന്‍റെ രാജി. അക്കാദമിയിൽ നിന്നും സിനിമാരംഗത്തുനിന്നും രഞ്ജിത്ത് സ്ഥാനം ഒഴിയണമെന്ന് ആവശ്യം ഉയർന്നതോടെയാണ് രാജി വെക്കാന്‍ നിര്‍ബന്ധിതനായത്.
അതേസമയം ആരോപണം ഉയര്‍ന്നപ്പോള്‍ രേഖാമൂലം പരാതിയുണ്ടെങ്കില്‍ മാത്രമേ നടപടി പറ്റൂ എന്ന നിലപാടുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെ താരസംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചതോടെ രഞ്ജിത്തിന് മേൽ സമ്മർദം വർധിച്ചിരുന്നു. ഇതോടെയാണ് രാജി വയ്ക്കാൻ രഞ്ജിത്ത് തയ്യാറായത്.
Also Read:- രഞ്ജിത്തിന്റെ വിക്രിയ ഇതാദ്യമായിട്ടല്ല, മദ്യലഹരിയിലെത്തി എഴുത്തുകാരിയോടുള്ള പെരുമാറ്റം ഇങ്ങനെ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരേ പരാതിയുന്നയിച്ചത്. ‘പാലേരി മാണിക്യം’ എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചത്. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണ് കഴിഞ്ഞതെന്നും സംഭവത്തിൽ ഡോക്യുമെൻ്ററി സംവിധായകൻ ജോഷി ജോസഫിനോട് പരാതി അറിയിച്ചിരുന്നുവെന്നും എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി വെളിപ്പെടുത്തിയിരുന്നു.