സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികള്‍ക്ക് പഠനം തുടരാന്‍ അനുമതി നല്‍കി സര്‍വകലാശാല

siddharth
siddharth

മണ്ണുത്തി ക്യാമ്പസില്‍ പ്രതികള്‍ക്ക് താത്കാലികമായി പഠനം തുടരാമെങ്കിലും ഹോസ്റ്റല്‍ സംവിധാനം അനുവദിക്കില്ല.

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന ജെ എസ് സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്ത കേസിലെ പ്രതികള്‍ക്ക് പഠനം തുടരാന്‍ അനുമതി നല്‍കി സര്‍വകലാശാല ഉത്തരവിറക്കി. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഉത്തരവിറക്കിയത്. മണ്ണുത്തി ക്യാമ്പസില്‍ പ്രതികള്‍ക്ക് താത്കാലികമായി പഠനം തുടരാമെങ്കിലും ഹോസ്റ്റല്‍ സംവിധാനം അനുവദിക്കില്ല.

ആന്റി റാഗിങ് കമ്മിറ്റിയുടെ അന്വേഷണത്തില്‍ നിന്ന് പ്രതികള്‍ പഠനവിലക്ക് നേരിട്ടെങ്കിലും ഹൈക്കോടതിയില്‍ നിന്ന് ഇളവ് നേടുകയായിരുന്നു.

വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥനെ ഇക്കഴിഞ്ഞ ഫെബ്രുവരി പതിനെട്ടിനായിരുന്നു ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് സിദ്ധാര്‍ത്ഥനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍വെച്ച് മര്‍ദിക്കുകയും പരസ്യ വിചാരണ നടത്തുകയും ചെയ്തതായി ആരോപണം ഉയര്‍ന്നിരുന്നു.

ക്ലാസിലെ വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു മര്‍ദനം. ഇതില്‍ മനംനൊന്ത് സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്തുവെന്നായിരുന്നു കേസ്. പോസ്റ്റുമോര്‍ട്ടത്തില്‍ സിദ്ധാര്‍ത്ഥന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു. സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ പന്ത്രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സര്‍വകലാശാല നടപടി സ്വീകരിച്ചിരുന്നു.

Tags

News Hub