വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് പുതിയ സംവിധാനം; രഹസ്യമായി പരാതി നൽകാൻ 'സിദ്ധാർഥ്' ആപ്പ്
സംസ്ഥാനത്തെ കോളജുകളിലും ക്യാമ്പസുകളിലും റാഗിങ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ തടയുന്നതിനായി വിദ്യാർത്ഥികൾക്ക് പുതിയ സംവിധാനമൊരുങ്ങുന്നു. പരാതിക്കാരുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്താതെ പരാതികൾ അറിയിക്കാൻ കഴിയുന്ന 'സിദ്ധാർഥ് സ്റ്റുഡന്റ് വെൽഫെയർ ആപ്പ്' അവതരിപ്പിക്കാനാണ് നടപടി. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ആപ്പിലൂടെ വിദ്യാർത്ഥികൾക്ക് ഓഡിയോ സന്ദേശങ്ങൾ ഉപയോഗിച്ച് പരാതികൾ സമർപ്പിക്കാം. പേരും മറ്റ് വ്യക്തിഗത വിവരങ്ങളും രഹസ്യമായി സൂക്ഷിച്ചുകൊണ്ട് ബന്ധപ്പെട്ട അധികാരികളെ വിവരങ്ങൾ അറിയിക്കാനും സഹായം തേടാനും സാധിക്കും. ഇതിനുപുറമെ സിദ്ധാർഥ് ആന്റി റാഗിങ് ആക്ടിന്റെ കരടും സർക്കാരിന്റെ പരിഗണനയിലുണ്ട്.
വിദ്യാർത്ഥികളിൽ ശാസ്ത്രബോധവും യുക്തിചിന്തയും വളർത്തുന്നതിനായി 300 കേന്ദ്രങ്ങൾ ഉൾപ്പെടുന്ന ജവഹർലാൽ നെഹ്റു സെന്റേഴ്സ് ഫോർ സയന്റിഫിക് ടെമ്പർ പദ്ധതിക്കും തുടക്കമിടുന്നുണ്ട്. നവംബർ നാലിന് തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളജിൽ നടക്കുന്ന ചടങ്ങിലാണ് പദ്ധതികളുടെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. ക്യാമ്പസുകളെ കൂടുതൽ സുരക്ഷിതവും വിദ്യാർത്ഥിസൗഹൃദവുമാക്കുകയാണ് ഈ പദ്ധതികളുടെ പ്രധാന ലക്ഷ്യം.
.jpg)

