ഷുക്കൂർ വധക്കേസ് വിധിയിൽ തൃപ്തിയില്ല ; അപ്പീൽ നൽകുമെന്ന് അഡ്വ. കരീം ചേലേരി
33 പ്രതികളിൽ 13 പേർ ശിക്ഷിക്കപ്പെട്ടതായും 18 പേരെ കോടതി വെറുതെ വിട്ടതായും വിചാരണയ്ക്ക് മുമ്പ് രണ്ട് പ്രതികൾ മരണപ്പെട്ടതായും കരീം ചേലേരി പറഞ്ഞു. ശിക്ഷിക്കപ്പെട്ടവരിൽ ഏഴ് പേർക്ക് ജീവപര്യന്തം തടവും ആറു പേർക്ക് രണ്ടുവർഷം തടവുമാണ് ലഭിച്ചത്.
കണ്ണൂർ : ഷുക്കൂർ വധക്കേസിലെ കോടതി വിധിയിൽ തൃപ്തിയില്ലെന്നും ഉയർന്ന കോടതിയിൽ അപ്പീൽ നൽകാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ടെന്നും മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ. കരീം ചേലേരി. കേസുമായി ബന്ധപ്പെട്ട് പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം കഴിവിനനുസരിച്ച് നിർവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
33 പ്രതികളിൽ 13 പേർ ശിക്ഷിക്കപ്പെട്ടതായും 18 പേരെ കോടതി വെറുതെ വിട്ടതായും വിചാരണയ്ക്ക് മുമ്പ് രണ്ട് പ്രതികൾ മരണപ്പെട്ടതായും കരീം ചേലേരി പറഞ്ഞു. ശിക്ഷിക്കപ്പെട്ടവരിൽ ഏഴ് പേർക്ക് ജീവപര്യന്തം തടവും ആറു പേർക്ക് രണ്ടുവർഷം തടവുമാണ് ലഭിച്ചത്.
വിധി പ്രസ്താവിച്ച ദിവസം രാവിലെ മുതൽ എറണാകുളത്തെ സി.ബി.ഐ കോടതിയിലുണ്ടായിരുന്നുവെന്നും അഡ്വ. കെ.എ. ലത്തീഫ്, കെ.ടി. സഹദുല്ല, അസ്ലം കണ്ണപുരം, ദാവൂദ് അരിയിൽ, ഹാമിദ് പട്ടുവം തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിധി പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾ പ്രതീക്ഷിച്ചതാണെന്നും കരീം ചേലേരി പ്രതികരിച്ചു. ഷുക്കൂർ വധക്കേസിൽ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തതു മുതൽ പാർട്ടി ജില്ലാ പ്രസിഡന്റെന്ന നിലയിൽ സഹപ്രവർത്തകരോടും ഷുക്കൂറിന്റെ കുടുംബത്തോടും ഒപ്പം നിന്നാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിയുടെ ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന കാലം മുതൽ തനിക്കെതിരെ ചില കേന്ദ്രങ്ങൾ പ്രചാരണം നടത്തുന്നുണ്ടെന്നും ജില്ലാ പ്രസിഡന്റായതോടെ അത് ശക്തമായെന്നും അദ്ദേഹം ആരോപിച്ചു. വിജിലൻസിൽ നൽകിയ പരാതികളും അതുമായി ബന്ധപ്പെട്ട പ്രചാരണങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടപ്പോഴും പരാജയപ്പെട്ടപ്പോഴും തുടർന്നുവെന്നും അദ്ദേഹം പറഞ്ഞു.
50 വർഷത്തെ പൊതുപ്രവർത്തനത്തിനിടയിൽ സത്യത്തിന്റെ പക്ഷത്താണ് നിലകൊണ്ടിട്ടുള്ളതെന്നും ഇനിയും അത് തുടരുമെന്നും കരീം ചേലേരി വ്യക്തമാക്കി. ഷുക്കൂർ കേസിന്റെ നടത്തിപ്പിൽ പാർട്ടി ഏൽപ്പിച്ച ദൗത്യം ഉത്തരവാദിത്തത്തോടെ നിർവഹിച്ചുവെന്ന ബോധ്യമുണ്ടെന്നും അതിന് സോഷ്യൽ മീഡിയയിലെ വിമർശകരുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.jpg)

